റോഡ് അറ്റകുറ്റപ്പണി മഴമാറി ഒരു മാസത്തിനകം
Tuesday, October 15, 2019 12:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണപ്രവൃത്തികളും മഴ മാറിയശേഷം ഒരു മാസത്തിനകം പൂർത്തിയാക്കുന്നതാണെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എൻജിനിയർ അറിയിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണികൾ 31-നകം പൂർത്തീകരിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തുടർച്ചയായ മഴ കാരണം ലക്ഷ്യം പൂർത്തീകരിക്കാനായില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും തുടർച്ചയായ മഴ കാരണം ടാറിംഗ് പ്രവൃത്തികൾ ചെയ്യാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ചില ജില്ലകളിൽ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രവൃത്തിയുടെ ടെൻഡർ ചെയ്യുന്നതിനു പോലും തടസമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ നേരത്തെ ലക്ഷ്യമിട്ട സമയത്തിനുളളിൽ പൂർത്തീകരിക്കാൻ കഴിയില്ലെന്നും മഴ മാറിയതിനും ശേഷം ഒരു മാസത്തെ സമയം പണികൾക്ക് ലഭിക്കുന്ന വിധത്തിൽ സമയം ദീർഘിപ്പിച്ചു നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം സർക്കാർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമയക്രമം പുനഃക്രമീകരിച്ചു നൽകിയതെന്നും ചീഫ് എൻജിനിയർ അറിയിച്ചു.