എഐസിസി ആസ്ഥാനത്തെ കാഷ്യറായ മലയാളിയുടെ വീട്ടില്‍ റെയ്ഡ്
Sunday, October 13, 2019 12:47 AM IST
തൃപ്പൂണിത്തുറ: ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ കാഷ്യറായ മലയാളി മാത്യു വര്‍ഗീസിന്റെ തൃപ്പൂണിത്തുറ കുരീക്കാട് കൂത്തുപറമ്പ് റോഡിലെ തുടിയന്‍ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്ഹില്നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് രാത്രി ഏറെ വൈകിയും തുടര്‍ന്നു.
കേരളത്തിലെ ഉദ്യോഗസ്ഥര്‍ വഴിയാണ് മാത്യു വര്‍ഗീസിന്റെ വീടും സ്ഥലവും കണ്ടുപിടിച്ചതെങ്കിലും അവരെ ഒഴിവാക്കിയായിരുന്നു റെയ്ഡ്. പരിശോധന ഇന്നും തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. എഐസിസിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന. കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ വീട്ടിൽനിന്നു കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ഡല്‍ഹിയിലെ വിവിധ ഓഫീസുകളില്‍ നടക്കുന്ന പരിശോധനയില്‍നിന്നു ലഭിക്കുന്ന രേഖകള്‍ ക്രോഡീകരിച്ചുള്ള പരിശോധനയും ചോദ്യം ചെയ്യലുമാണ് ഇവിടെ നടക്കുന്നത്. അസുഖ ബാധിതനായ മാത്യു വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ വന്നശേഷമായിരുന്നു പരിശോധന.