സ്കൂൾ കവാടങ്ങളിലും ഇനി ക്യുആർ കോഡ്
Sunday, September 22, 2019 12:24 AM IST
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും സമഗ്ര പോർട്ടൽ, പാഠപുസ്തകങ്ങളിലെ ക്യുആർ കോഡുകൾ തുടങ്ങിയവ കുട്ടികൾക്കു വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കാനുമായി രക്ഷിതാക്കളായ വീട്ടമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പ്രത്യേകം പരിശീലനം നൽകും.
സ്കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ രൂപീകരിച്ച ’ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബുകളുടെ പ്രധാന പ്രവർത്തന മേഖലകളിലായാണ് സാങ്കേതിക സഹായം ലഭ്യമാക്കുക എന്നത്.
ഇതോടൊപ്പം സ്കൂളുകളുടെ സമഗ്രവിവരങ്ങൾ ക്യൂആർ കോഡ് രൂപത്തിൽ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്കൂളിന്റെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന സമേതം വെബ്സൈറ്റിന്റെ (www. sam etham.kite.kerala.gov.in) ലിങ്കാണ് ക്യൂആർകോഡ് രൂപത്തിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ എല്ലാ സ്കൂളിന്റെയും പ്രധാനകവാടത്തോടു ചേർന്നു സ്ഥാപിക്കുന്നത്. കോഡ് സ്കാൻ ചെയ്ത് സമേതം, സ്കൂൾ വിവരസഞ്ചയമായ സ്കൂൾവിക്കി (www.schoolwiki.in) തുടങ്ങിയ വെബ്സൈറ്റുകൾ ആർക്കും പരിശോധിക്കാം.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരത്തിലൊരു പരീശീലനം കൈറ്റ് സംഘടിപ്പിക്കുന്നതെന്ന് വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് കെ. അൻവർ സാദത്ത് അറിയിച്ചു. പരിശീലനത്തിനായി ആവശ്യം വരുന്ന ആപ്പുകൾ മുൻകൂട്ടി രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കും. പരിശീലനത്തിനായി രക്ഷിതാക്കൾ സ്മാർട്ട് ഫോണുമായാണ് എത്തിച്ചേരേണ്ടത്.