മോട്ടോർവാഹന നിയമ ഭേദഗതി പിഴ ഇളവ്: ഇന്ന് ഉന്നതതല യോഗം
Saturday, September 21, 2019 12:44 AM IST
തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പിഴയിലെ ഇളവ് സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാമെന്നു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നത തലയോഗം ചേരും. ഇന്നു രാവിലെ പത്തിനു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്ഫറൻസ് ഹാളിലാണ് യോഗം.
കേന്ദ്ര നിയമ ഭേദഗതിയിലെ അഞ്ച് ഇനങ്ങളുടെ പിഴയിൽ കുറവു വരുത്താകുമെന്നാണു മോട്ടോർ വാഹന വകുപ്പു പറയുന്നത്. എന്നാൽ, സംസ്ഥാനത്തുണ്ടാകുന്ന പൊതു ഗതാഗത നിയമ ലംഘനങ്ങളായ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയിലൊന്നും കേന്ദ്രം നിശ്ചയിച്ച മിനിമം നിരക്കിനേക്കാൾ കുറഞ്ഞ നിരക്കു തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നാണു നേരത്തേ മോട്ടോർ വാഹന വകുപ്പിനു ലഭിച്ചിട്ടുള്ള നിയമോപദേശം. ഉയർന്നതും കുറഞ്ഞതുമായ പിഴ നിശ്ചയിച്ചിട്ടുള്ള ഇനങ്ങളിൽ ഏറ്റവും കുറഞ്ഞ തുക സംസ്ഥാനം നിശ്ചയിക്കുക മാത്രമാണു പ്രായോഗികം.
പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു സംസ്ഥാനം കത്ത് നൽകിയെങ്കിലും ആവശ്യം ഇതേവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ 16 ന് ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്കരിക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടിയിട്ടില്ല. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് പിഴ ചുമത്താനുള്ള അവകാശം നൽകണമെന്നും ഓർഡിനൻസിലൂടെ പിഴയിളവ് പ്രാബല്യത്തിൽ വരുത്തണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
മന്ത്രി എ.കെ. ശശീന്ദ്രൻ, സംസ്ഥാന പോലീസ് മേധാവി, ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ, നിയമ സെക്രട്ടറി തുടങ്ങിയവർ മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കും.
നിർത്തിവച്ചിരുന്ന വാഹനപരിശോധന പുനരാരംഭിക്കാൻ നിർദേശം നൽകിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നിയമപരമായി ഉയർന്ന തുക മാത്രമേ ഈടാക്കൂ. ഈ സാഹചര്യത്തിൽ ഗതാഗത ലംഘന കേസുകൾ കോടതിക്കു കൈമാറാൻ തീരുമാനിച്ചിരുന്നു.