പരാതി തീർപ്പാക്കാൻ കളക്ടറുടെ നിർദേശം
Wednesday, September 18, 2019 12:21 AM IST
കോട്ടയം: റീസർവേ പിശകു മൂലം പുരയിടം തോട്ടം എന്നു രേഖപ്പെടുത്തപ്പെട്ട കേസുകളിൽ ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ചു തീർപ്പാക്കാൻ ഭൂരേഖാ തഹസീൽദാർമാർക്കു നിർദേശം നൽകിയതായി കോട്ടയം ജില്ലാ കളക്ടർ പി.കെ. സുധീർബാബു. റീസർവേയിലെ അപകാത മൂലം ഭൂമിയുടെ ഇനം റവന്യു റിക്കാർഡുകളിൽ തോട്ടം എന്നു രേഖപ്പടുത്തിയിട്ടുള്ളതിനാൽ ഭൂ ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തോട്ടം എന്നു രേഖപ്പെടത്തിയതു റീസർവേ പിശകു മൂലമാണെങ്കിൽ അതു പരിഹരിച്ചു നൽകുന്നതിന് 26-08-2017 ലെ ജിഒ (എംഎസ്) 303/2017 സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭൂരേഖ തഹസീൽദാർമാരെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിച്ചു വരികയാണെന്നും കളക്ടർ അറിയിച്ചു. 1963ലെ കേരള ഭൂ സംരക്ഷണ നിയമം സെക്ഷൻ 81 (1) ഇ പ്രകാരം തോട്ടം ഇനത്തിൽ ഭൂപരിധിയിൽ ഇളവനുവദിച്ചിട്ടുള്ള ഭൂമി തുണ്ടുവത്കരിക്കപ്പെട്ട് ഭൂമിയുടെ ഇനം മാറ്റാൻ ലഭിക്കുന്ന അപേക്ഷകളിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും കളക്ടർ അറിയിച്ചു.