ഗതാഗത നിയമലംഘനം: അവ്യക്തത മാറുന്നതുവരെ കടുത്ത നടപടിയില്ല
Sunday, September 15, 2019 12:41 AM IST
തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്കു കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വൻ പിഴത്തുക കുറയ്ക്കുന്ന കാര്യത്തിലുള്ള അവ്യക്തത മാറുന്നതുവരെ കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിൽ ഗതാഗത വകുപ്പ്. അവ്യക്തത മാറുന്നതുവരെ ചെറിയ നിയമ ലംഘനങ്ങൾക്കു കടുത്ത പിഴയുണ്ടാകില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ചില സംസ്ഥാനങ്ങൾ പിഴത്തുകയിൽ ഇളവ് വരുത്തിയതു പരിശോധിക്കുന്നതിനായി സർക്കാർ ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നെന്ന വിവരമാണ് ഇപ്പോൾ അറിഞ്ഞത്. കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.