കർദിനാൾ മാർ ആലഞ്ചേരി അനുശോചിച്ചു
Sunday, August 25, 2019 12:48 AM IST
കൊച്ചി: മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ നിര്യാണത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതം കണ്ട സാന്പത്തിക വിദഗ്ധരിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. മാന്യമായ പെരുമാറ്റവും സമഭാവനയുംകൊണ്ട് ഏവരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തിപരമായി സംസാരിച്ച അവസരങ്ങളിൽ അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകളും ഭാഷാനൈപുണ്യവുമൊക്കെ നേരിട്ടു മനസിലാക്കാൻ സാധിച്ചു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവരുടെ കാര്യത്തിൽ അദ്ദേഹം സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു എന്നുള്ള കാര്യം ഇത്തരുണത്തിൽ അനുസ്മരിക്കുന്നുവെന്ന് മാർ ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി
തിരുവനന്തപുരം: വിഭിന്ന മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്തു വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജയ്റ്റ്ലിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജയ്റ്റ്ലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സ്വാതന്ത്ര്യാനന്തര തമലുറയിലെ പ്രഗൽഭനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളെയാണ് മുൻ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.