വാഴക്കുളത്തു ഫെഡറൽ ബാങ്കിന്റെ എടിഎം തകർത്തു കവർച്ചാശ്രമം
Friday, August 23, 2019 12:49 AM IST
വാഴക്കുളം: വാഴക്കുളം ടൗണിൽ എടിഎം തകർത്തു കവർച്ചാശ്രമം. ടൗണിന്റെ കിഴക്കേ ഭാഗത്തു സംസ്ഥാന പാതയോരത്തുള്ള ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടർ തകർത്താണു കവർച്ചാശ്രമം നടത്തിയത്. ഇന്നലെ പുലർച്ചെ ഒന്നിനും 1.45നും ഇടയിലായിരുന്നു സംഭവം. കൗണ്ടർ പൊളിച്ചെടുത്തെങ്കിലും പണം സൂക്ഷിച്ചിരുന്ന കാബിൻ തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു ബാങ്ക് അധികൃതർ പറഞ്ഞു. അഞ്ചു ലക്ഷത്തോളം രൂപ എടിഎമ്മിലുണ്ടായിരുന്നു.
മോഷണശ്രമം നടത്തിയ മുഖംമറച്ച മൂന്നുപേരുടെ ദൃശ്യങ്ങൾ എടിഎം കൗണ്ടറിലെ സിസി ടിവി കാമറയിൽ കാണാം. പാന്റ്സും ടീ ഷർട്ടുമിട്ട ഇവർ കൈകളിൽ ഗ്ലൗസും ധരിച്ചിരുന്നു. എടിഎം മെഷീൻ തകർത്തു പണം സൂക്ഷിച്ചിട്ടുള്ള കാബിൻ ബാങ്കിനു പിന്നിലെത്തിച്ചു തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ ലോക്ക് ഒടിഞ്ഞുപോയതിനാൽ കാബിൻ തുറക്കാർ കഴിഞ്ഞില്ല. കാഷ് ഡിപ്പോസിറ്റ് മെഷിനും തകർത്തെങ്കിലും ഇതിലുണ്ടായിരുന്ന 20,000 രൂപയും നഷ്ടപ്പെട്ടിട്ടില്ല.
വാഴക്കുളം എസ്ഐ വി. വിനുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരെത്തി സംഭവസ്ഥലം വിശദമായി പരിശോധിച്ചെങ്കിലും മോഷ്ടാക്കൾ ഗ്ലൗസ് ധരിച്ചിരുന്നതിനാൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. രാത്രിയിൽ കനത്ത മഴ പെയ്തതിനാൽ ഡോഗ് സ്ക്വാഡിന്റെ പരിശോധനയും ഫലം കണ്ടില്ല.
സുരക്ഷാ സംവിധാനങ്ങളുള്ള ബാങ്കിനോടു ചേർന്നുള്ള എടിഎം കൗണ്ടറിലെ കവർച്ചാശ്രമം വാഴക്കുളത്തെ വ്യാപാരികളെയടക്കം ആശങ്കയിലാക്കി. വാഴക്കുളത്തെ ഒൻപതു വ്യാപാരശാലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണശ്രമം നടന്നിരുന്നു. കല്ലൂർക്കാട് വഴിയിലുള്ള ഹാർഡ് വെയർ കടയിൽ മോഷ്ടാക്കൾ കയറിയപ്പോൾ ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ മൂന്നുപേരുടെ പങ്ക് വ്യക്തമാണ്.
ഇതേ സംഘം തന്നെയാണോ എടിഎം കവർച്ചാശ്രമത്തിനു പിന്നിലുമുള്ളതെന്നു സംശയമുയർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ മോഷണശ്രമം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല.