കരിപ്പൂരിൽ ഒരു കോടി പത്തുലക്ഷത്തിന്റെ സ്വർണം പിടികൂടി
Thursday, May 23, 2019 12:39 AM IST
കൊണ്ടോട്ടി: റിയാദിൽ നിന്ന് അബുദാബി വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരിൽനിന്ന് ഒരു കോടി പത്തു ലക്ഷത്തിന്റെ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഹാരിസ്, വടകര സ്വദേശി ഷംസീർ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഗ്രൈൻഡർ മിക്സിക്കകത്താണ് ഹാരിസ് സ്വർണം ഒളിപ്പിച്ചിരുന്നത്.
സ്വർണം ഉരുക്കി സിലിണ്ടർ രൂപത്തിലാക്കി മാറ്റിയാണ് കൊണ്ടുവന്നത്. 2.800 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. ഷംസീർ ശരീരത്തിലും ബാഗേജിലും ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. 450 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഡി.എൻ പാന്ഥ്, പി.ജെ.ഡേവിഡ്, ഗോകുൽദാസ്, ബിമൽദാസ്, മൃഥുൽ, ജയൻ, വി.എൻ നായിക് എന്നിവടരങ്ങിയ സംഘമാണ് കളളക്കടത്ത് പിടികൂടിയത്.