റീപോളിംഗ് പ്രചാരണത്തിനിടെ പാമ്പുരുത്തിയിൽ സംഘർഷം
Saturday, May 18, 2019 2:06 AM IST
മയ്യിൽ: റീപോളിംഗ് നടക്കുന്ന പാമ്പുരുത്തിയിൽ വോട്ട് അഭ്യർഥിക്കാനെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയെ തടയാൻ ശ്രമിച്ചുവെന്നാരോപിച്ച് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയും സംഘവും പാന്പുരുത്തിയിലെ വീടുകൾ കയറി വോട്ടഭ്യർഥിക്കാനെത്തിയതായിരുന്നു.
ആദ്യത്തെ വീട്ടിൽ കയറിയപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകർ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ എൽഡിഎഫ് പ്രവർത്തകർ കയറേണ്ടെന്നു പറഞ്ഞതാണ് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിനു കാരണമായത്. അരമണിക്കൂർ നീണ്ട വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പി.കെ. ശ്രീമതിക്കൊപ്പം സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ, എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ വേലിക്കാത്ത് രാഘവൻ എന്നിവരും പ്രാദേശിക നേതാക്കളുമുമുണ്ടായിരുന്നു.