ജോഡോയാത്ര പ്രതീക്ഷയുടെ കിരണം: പ്രിയങ്ക ഗാന്ധി
Tuesday, January 31, 2023 12:46 AM IST
ശ്രീനഗറിൽനിന്ന് ജോർജ് കള്ളിവയലിൽ
വെറുപ്പിന്റെയും ഭിന്നിപ്പിക്കലിന്റെയും രാഷ്ട്രീയം രാജ്യത്തിനു ഗുണം ചെയ്യില്ലെന്നും രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ നടന്നവർ പ്രതീക്ഷയുടെ കിരണമാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. രാജ്യമൊന്നാകെ ജോഡോയാത്രയെ പിന്തുണച്ചെന്നും പ്രിയങ്ക പറഞ്ഞു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ കന്യാകുമാരി മുതൽ കാഷ്മീർ വരെ രാജ്യത്തെ ഒന്നിപ്പിക്കാൻ തനിക്കു കഴിയുമെന്നു രാഹുൽ ഗാന്ധി തെളിയിച്ചതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏതെങ്കിലും തെരഞ്ഞെടുപ്പു ജയിക്കാനായിരുന്നില്ല ഭാരത്ജോഡോ യാത്ര. വിദ്വേഷത്തിനെതിരേ ആയിരുന്നു പദയാത്ര. ബിജെപിക്കാർ രാജ്യത്തു വിദ്വേഷം പടർത്തുകയാണെന്ന് ശ്രീനഗറിൽ ഇന്നലെ നടന്ന ജോഡോ യാത്ര സമാപനസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും ബിജെപിയും രാജ്യത്തെ പാവപ്പെട്ടവരും സന്പന്നരും തമ്മിലുള്ള വേർതിരിവു വർധിപ്പിക്കുന്ന നയമാണു പിന്തുടരുന്നതെന്നു ഖാർഗെ ആരോപിച്ചു. മോദിജിയും ആർഎസ്എസും ബിജെപിയും പാവപ്പെട്ടവരെ ദരിദ്രരാക്കാനും സന്പന്നരെ കൂടുതൽ സന്പന്നർ ആക്കാനുമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ 72 ശതമാനം സന്പത്തും പത്തു ശതമാനം ആളുകൾ കൊള്ളയടിക്കുന്നു. ഇന്ത്യൻ ജനതയുടെ 50 ശതമാനം പേർക്കു വെറും മൂന്നു ശതമാനം മാത്രം സന്പത്താണുള്ളതെന്നും കോണ്ഗ്രസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
തുടക്കത്തിൽ തനിക്കുണ്ടായിരുന്ന എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തുന്നതായിരുന്നു ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തമെന്നു പ്രിയങ്ക പറഞ്ഞു. അഞ്ചുമാസമായി എന്റെ സഹോദരൻ കന്യാകുമാരിയിൽ നിന്നു നടക്കുന്നു. വളരെനീണ്ട യാത്രയാണെന്നും ആളുകൾ പുറത്തിറങ്ങുമോയെന്നും ഞാൻ സംശയിച്ചു. എന്നാൽ എല്ലായിടത്തും ജനങ്ങൾ പുറത്തിറങ്ങി യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അനേകായിരങ്ങളാണു രാഹുലിനോടൊപ്പം നടന്നത്. രാജ്യത്തെ ജനങ്ങൾക്ക് ഐക്യത്തിന്റെ ആത്മാവുള്ളതുകൊണ്ടാണ് അവർ വീടുകളിൽ നിന്നു പുറത്തിറങ്ങിവന്നു പദയാത്രയിൽ ചേർന്നതെന്നു പ്രിയങ്ക ചൂണ്ടിക്കാട്ടി.
സിപിഎം വിട്ടുനിന്നു; സിപിഐ എത്തി
• ശ്രീനഗറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രാഹുൽ ഗാന്ധിയുടെ റാലിയിൽ സിപിഎം വിട്ടുനിന്നെങ്കിലും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ തുടങ്ങിയവരും പ്രസംഗിച്ചു.
ഡിഎംകെ, എൻസിപി, ആർജെഡി, പിഡിപി, നാഷണൽ കോണ്ഫറൻസ്, സിപിഐ, മുസലിം ലീഗ്, ആർഎസ്പി തുടങ്ങി 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രാഹുലിന്റെ ശ്രീനഗർ റാലിയിൽ പങ്കെടുത്തു. സിപിഎം, തൃണമൂൽ കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, ടിഡിപി തുടങ്ങിയ പാർട്ടികൾ വിട്ടുനിന്നു. സുരക്ഷ, കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാലാണു ചില നേതാക്കൾ ശ്രീനഗറിലെ റാലിക്കെത്താതിരുന്നതെന്ന് കോണ്ഗ്രസ് അവകാശപ്പെട്ടു.
കേരളം നിറസാന്നിധ്യമായി
• ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം കേരള നേതാക്കൾ സജീവ സാന്നിധ്യമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം.കെ. രാഘവൻ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ജെബി മേത്തർ, രമ്യ ഹരിദാസ്, എംഎൽഎമാരായ റോജി എം.ജോണ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത് തുടങ്ങിയവരും കോണ്ഗ്രസ് നേതാക്കളായ പി.സി.വിഷ്ണുനാഥ്, ഷാഫി പറന്പിൽ, വി.ടി. ബൽറാം, എം. ലിജു, കെപിസിസി. ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, വിദ്യ ബാലകൃഷ്ണൻ, സുമേഷ് അച്യുതൻ, അഡ്വ. എസ്. ശരത്, സൈമണ് അലക്സ്, ഡോ. സാമുവൽ ജോർജ്, ന്യൂനപക്ഷ വിഭാഗം ദേശീയ കോ-ഓർഡിനേറ്റർ ഡി.കെ. ബ്രിജേഷ്, ഓവർസീസ് ഇന്ത്യൻ കോണ്ഗ്രസ് സെക്രട്ടറി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ജോഡോ യാത്രയിലെ സജീവാംഗങ്ങളായ അനിൽ ബോസ്, ചാണ്ടി ഉമ്മൻ, ഷീബ രാമചന്ദ്രൻ തുടങ്ങിയവരും ആദ്യാവസാനം പരിപാടികളിൽ പങ്കാളികളായി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, എംപിമാരായ കെ. മുരളീധരൻ, ശശി തരൂർ, അടൂർ പ്രകാശ്, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവർക്ക് എത്തിച്ചേരാനായില്ല.
കനത്ത മഞ്ഞുവീഴ്ച മൂലം ശ്രീനഗറിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനാൽ പല നേതാക്കൾക്കും എത്താനായില്ല. വിമാനത്താവളത്തിലെത്തിയ ശേഷം വിമാനം റദ്ദാക്കിയതറിഞ്ഞു മടങ്ങുകയായിരുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. കോണ്ഗ്രസ് നേതാവ് സച്ചിൻ പൈലറ്റും വിമാനത്താവളത്തിലെത്തി മടങ്ങുകയായിരുന്നു.
ഭിക്ഷാടന കുട്ടികളെയോർത്താണ് ടീഷർട്ടിൽ ഒതുക്കിയത്: രാഹുൽ
• തണുപ്പകറ്റാൻ മതിയായ വസ്ത്രങ്ങളില്ലാത്ത ഭിക്ഷാടകരായ നാലു കുട്ടികളെ ഓർത്താണ് ഭാരത് ജോഡോ യാത്രയിൽ താനും കന്പിളി വസ്ത്രങ്ങളും മറ്റും ഉപേക്ഷിച്ചതെന്നു രാഹുൽ ഗാന്ധി. കുട്ടികൾക്കു പോലും ആവശ്യത്തിനു വസ്ത്രം കിട്ടാത്ത നാട്ടിൽ താനും അതൊക്കെ വേണ്ടെന്നു വയ്ക്കണമെന്നു മനസ് തോന്നിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
പദയാത്രയ്ക്കിടെ നാലു കുട്ടികൾ അടുത്തു വന്നു. അവർ യാചകരായിരുന്നു. വസ്ത്രം ധരിക്കാത്തവരായിരുന്നു ... അവരെ ഞാൻ കെട്ടിപ്പിടിച്ചു. അവർ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. അവർക്കു ഭക്ഷണവും ഇല്ലായിരിക്കാം. അവർക്ക് ധരിക്കാൻ വസ്ത്രങ്ങളില്ലെങ്കിൽ ജാക്കറ്റുകളോ സ്വെറ്ററുകളോ അതുപോലെ താനും ധരിക്കാൻ പാടില്ലെന്നു മനസ് പറഞ്ഞു. കാഷ്മീരിലെ മരംകോച്ചുന്ന തണുപ്പിലും ജാക്കറ്റും കന്പിളി വസ്ത്രങ്ങളുമില്ലാതെ വെള്ള ടീ ഷർട്ട് മാത്രം ധരിച്ച നൂറുകണക്കിനു കിലോമീറ്ററുകൾ നടന്നതിന്റെ കാരണം രാഹുൽ ഗാന്ധി തന്നെ വിശദീകരിച്ചു. ശ്രീനഗറിൽ ഇന്നലെ ഭാരത് ജോഡോ യാത്രയുടെ സമാപന റാലിയിൽ പ്രസംഗിക്കുന്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
ദേശീയ പതാക ഉയർത്തൽ മഞ്ഞുവീഴ്ചയിലും ആവേശം
• തിമിർത്തു പെയ്ത മഞ്ഞുമഴ വകവയ്ക്കാതെ ശ്രീനഗറിലെ ചെഷ്മ സാഹിയിലെ ജോഡോ യാത്രയുടെ ക്യാന്പ് സൈറ്റിൽ ഇന്നലെ രാവിലെ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. ശ്രീനഗറിലെ കോണ്ഗ്രസ് പിസിസി ആസ്ഥാനത്തുനടന്ന ചടങ്ങിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
എഐസിസി അധ്യക്ഷനും രാഹുലിനും പുറമെ പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാൽ, ദിഗ്വിജയ് സിംഗ്, ജയ്റാം രമേശ് അടക്കമുള്ള മുതിർന്ന നേതാക്കൾ രാവിലെ നടന്ന ചടങ്ങിൽ പങ്കെടുത്തു. ജോഡോ യാത്ര സമാപിച്ച ഞായറാഴ്ച ശ്രീനഗറിലെ ചരിത്ര പ്രസിദ്ധമായ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയിരുന്നു. 1948ൽ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു ശേഷം ആദ്യമായാണ് അദ്ദേഹത്തിന്റെ ചെറുമകൻ ലാൽ ചൗക്കിൽ ദേശീയ പതായ ഉയർത്തിയത്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അനേക വർഷങ്ങൾ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്താൻ കഴിഞ്ഞിരുന്നില്ല.