സ്വയംഭരണാവകാശം; ഉന്നതസമിതിയുമായി തമിഴ്നാട്
Wednesday, April 16, 2025 3:36 AM IST
ചെന്നൈ: തമിഴ്നാടിനു സ്വയംഭരണാവകാശം കൈവരിക്കാൻ എന്തെല്ലാം നിയമ നടപടികൾ സ്വീകരിക്കണമെന്നു പരിശോധിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. സർക്കാർ.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കുര്യന് ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതി അടുത്ത ജനുവരിയിൽ ഇടക്കാല റിപ്പോർട്ടും 2028 ല്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടും നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥനായ അശോക് വർധൻ ഷെട്ടിയും തമിഴ്നാട് പ്ലാനിംഗ് കമ്മീഷൻ മുൻ വൈസ് ചെയർമാൻ എം.നാഗരത്നവുമാണ് അംഗങ്ങൾ.
തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു തീരുമാനമെന്ന് ഇതുസംബന്ധിച്ച പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കൻകറന്റ് ലിസ്റ്റിലേക്കു മാറ്റിയത് പിന്‍വലിക്കാനുള്ള നടപടികളെക്കുറിച്ചും പരിശോധിക്കും.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം സാവധാനം കവർന്നെടുക്കുമെന്ന ആശങ്ക ഉന്നയിച്ച മുഖ്യമന്ത്രി മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് ഒഴിവാക്കുന്നതിനുള്ള നിയമവശങ്ങളും സമിതി പരിശോധിക്കുമെന്ന് അറിയിച്ചു.