ബിഹാറിൽ കളമുറപ്പിക്കാൻ പ്രതിപക്ഷസഖ്യം
Wednesday, April 16, 2025 3:09 AM IST
ന്യൂഡൽഹി: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകുന്നതിനായിരുന്നു കൂടിക്കാഴ്ച.
നാളെ പാറ്റ്നയിൽ മറ്റു സഖ്യകക്ഷികളെ ഉൾപ്പെടുത്തി കോണ്‍ഗ്രസും ആർജെഡിയും യോഗം ചേരും. ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെഡിയു) -ബിജെപി സഖ്യത്തിനെതിരേ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ വിശാലസഖ്യമാണ് ലക്ഷ്യമിടുന്നത്.
ബിഹാറിൽ ഭരണമാറ്റം പ്രതീക്ഷിക്കുന്നതായി മല്ലികാർജുൻ ഖാർഗെ ഇന്നലത്തെ കൂടിക്കാഴ്ചയ്ക്കുശേഷം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ബിജെപിയിൽനിന്നും അതിന്റെ അവസരവാദ സഖ്യത്തിൽനിന്നും അടുത്ത തെരഞ്ഞെടുപ്പിലൂടെ ബിഹാർ സ്വതന്ത്രമാകും.
യുവാക്കൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, പിന്നാക്കക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും മഹാസഖ്യ സർക്കാരിനെ ആഗ്രഹിക്കുന്നതായും ഖാർഗെ സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനെ നേരിടാൻ പൂർണമായും തയാറാണെന്ന് തേജസ്വി യാദവ് മാധ്യമങ്ങളോടു പ്രതികരിച്ചു. 20 വർഷത്തെ എൻഡിഎ സർക്കാരിന്റെയും 11 വർഷത്തെ കേന്ദ്രസർക്കാരിന്റെയും ഭരണത്തിനുശേഷവും ബിഹാർ ഏറ്റവും ദരിദ്രസംസ്ഥാനമായി തുടരുന്നു. സംസ്ഥാനത്തെ വിഷയങ്ങൾ ഉന്നയിച്ച് തങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വിശാലസഖ്യത്തിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം പരസ്യമായി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ചർച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ആർഎൽജെപി എൻഡിഎ സഖ്യം വിട്ടു
അതേസമയം, 2014 മുതൽ എൻഡിഎയുടെ ഭാഗമായിരുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർഎൽജെപി) സഖ്യം ഉപേക്ഷിക്കുന്നതായി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പശുപതി കുമാർ പരസ് വ്യക്തമാക്കി.
ദളിത് കേന്ദ്രീകൃതമായതിനാൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ആർഎൽജെപിയെ നിരന്തരം അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് തീരുമാനം.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് ഒരു സീറ്റുപോലും നൽകാതിരുന്നതിനെത്തുടർന്ന് തെരഞ്ഞെടുപ്പിനുമുന്പ് പശുപതി പരസ് മോദി മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു.
ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേർന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎൽജെപി മത്സരിക്കുമെന്നും സൂചനയുണ്ട്.