രാജസ്ഥാൻ റോയൽസിന് മിന്നും ജയം
Sunday, April 6, 2025 1:09 AM IST
ചണ്ഡിഗഡ്: സഞ്ജു സാംസണ് ക്യാപ്റ്റന്റെ റോളിൽ തിരിച്ചെത്തിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മിന്നും ജയം. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസ് 50 റണ്‍സിന് പഞ്ചാബ് കിംഗ്സിനെ കീഴടക്കി.
2025 സീസണിൽ പഞ്ചാബ് കിംഗ്സിന്റെ ആദ്യ തോൽവിയാണ്. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ജയവും. നാല് ഓവറിൽ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ജോഫ്ര ആർച്ചറും സ്ലോ ഒൗട്ട് ഫീൽഡിൽ യശസ്വി ജയ്സ്വാൾ (67) പൊരുതി നേടിയ അർധ സെഞ്ചുറിയുമാണ് രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചത്.
206 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സിന്റെ ടോപ് ഓർഡർ ബാറ്റർമാർ നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ (10), പ്രിയാൻഷ് (0), പ്രഭ്സിമ്രൻ (17), സ്റ്റോയിൻസ് (1) എന്നിവർ വേഗത്തിൽ പുറത്ത്. 41 പന്തിൽ 62 റണ്‍സ് നേടിയ നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ഗ്ലെൻ മാക്സ് വെൽ 21 പന്തിൽ 30 റണ്‍സ് നേടി.
ഓപ്പണിംഗ് ശ്രദ്ധ
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോം ഗ്രൗണ്ടില്‍ പന്ത് എറിഞ്ഞു തുടങ്ങാമെന്ന ശ്രേയസിന്റെ തീരുമാനത്തെ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ശ്രദ്ധാപൂര്‍വം നേരിട്ടു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.2 ഓവറില്‍ 89 റണ്‍സ് നേടി.
26 പന്തില്‍ 38 റണ്‍സ് നേടിയ സഞ്ജുവിനെ മിഡ് ഓഫില്‍ ശ്രേയസിന്റെ കൈകളിലെത്തിച്ച് ലോക്കി ഫെര്ഗൂസണ് പുറത്താക്കി. ശ്രദ്ധയോടെ തുടങ്ങിയ സഞ്ജുവിന് ഫെര്‍ഗൂസന്റെ സീം കുടുക്കില്‍ കുരുങ്ങി പുറത്താകേണ്ടിവന്നു. അതിന്റെ നിരാശ ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു സഞ്ജു തീര്‍ത്തത്. സഞ്ജു ക്യാപ്റ്റന്‍സിയിലേക്കു തിരിച്ചെത്തിയ ആദ്യ ഇന്നിംഗ്സായിരുന്നു.
പതിയെ ഒരു ഫിഫ്റ്റി
ഐപിഎല്‍ ചരിത്രത്തില്‍ തന്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി ജയ്സ്വാള്‍ കുറിച്ചു. നേരിട്ട 40-ാം പന്തിലായിരുന്നു ജയ്സ്വാളിന്റെ അര്‍ധശതകം. 45 പന്തില്‍ അഞ്ച് സിക്സും മൂന്നു ഫോറും അടക്കം 67 റണ്‍സ് നേടിയ ജയ്സ്വാളിനെ ലോക്കി ഫെര്ഗൂസണ് ബൗള്‍ഡാക്കി.
മൂന്നാം നമ്പറിലെത്തിയ റിയാന്‍ പരാഗ് 25 പന്തില്‍ 43 റണ്‍സുമായും ധ്രുവ് ജുറെല്‍ അഞ്ച് പന്തില്‍ 13 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റന്റെ റോളില്‍നിന്നു മുക്തമായശേഷം റിയാന്‍ പരാഗിന്റെ ആദ്യ ഇന്നിംഗ്സ്, മൂന്നു സിക്സും മൂന്നു ഫോറും അദ്ദേഹത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു. നിതീഷ് റാണയ്ക്കും (ഏഴ് പന്തില്‍ 12), ഷിംറോണ്‍ ഹെറ്റ്മയറിനും (12 പന്തില്‍ 20) ശോഭിക്കാന്‍ സാധിച്ചില്ല.