അത്ലറ്റിക്സിൽ നിറം മങ്ങി; ജിംനാസ്റ്റിക്സിൽ മിന്നിത്തിളങ്ങി
Wednesday, February 12, 2025 12:02 AM IST
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
ഏറെ പ്രതീക്ഷ വച്ച അത്ലറ്റിക്സിൽ നിറം മങ്ങിയപ്പോൾ ജിംനാസ്റ്റിക്സിലെ കരുത്തിൽ 38-ാമത് ദേശീയ ഗെയിംസിന്റെ 17-ാംദിനം കേരളം നേടിയത് നാലു വെള്ളിയും മൂന്നു വെങ്കലവും. പുരുഷവിഭാഗം ട്രിപ്പിൾജംപിൽ കേരളത്തിന്റെ മുഹമ്മദ് മുഹസിൻ വെങ്കലം നേടിയപ്പോൾ ആദ്യാവസാനം കേരളം മുന്നിട്ടുനിന്ന പുരുഷവിഭാഗം 800 മീറ്ററിൽ അട്ടിമറിയിലൂടെ മലയാളിയായ സർവീസസ് താരം പി. മുഹമ്മദ് അഫ്സൽ സ്വർണം നേടി. ജൂഡോയിൽനിന്നാണ് കേരളത്തിന്റെ മൂന്നാം വെങ്കലം. നെറ്റ്ബോളിൽ പുരുഷന്മാരും ഇന്നലെ വെള്ളി നേടി.
ജിംനാസ്റ്റിക്സിലെ അക്രോബാറ്റിക്സിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും കേരളത്തിന് മെഡൽ നേട്ടമുണ്ട്. ഗ്രൂപ്പ് ഇനമായ പുരുഷവിഭാഗം അക്രോബാറ്റിക്സിലും മിക്സ് പെയറിലും വെള്ളി നേടിയപ്പോൾ വുമണ്‍സ് പെയറിൽ വെങ്കലം സ്വന്തമാക്കി. ട്രംപോളിനിൽ കേരളത്തിനായി മനു മുരളി വെള്ളി സ്വന്തമാക്കി. ജൂഡോയിൽ 70 കിലോ വിഭാഗത്തിൽ കേരളത്തിന്റെ ദേവീ കൃഷ്ണയാണ് വെങ്കല നേട്ടക്കാരി.
അത്ലറ്റിക്സിൽ ഇന്നലെ മൂന്ന് ഫൈനലുകളിലായിരുന്നു കേരളം മത്സരിച്ചത്. 800 മീറ്റർ പുരുഷ, വനിത താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ ട്രിപ്പിൾ ജംപിൽ മുഹമ്മദ് മുഹസിൻ മാനം കാത്തു. 15.57 മീറ്റർ താണ്ടി മുഹസിൻ വെങ്കലം നേടി.
മലയാളിസ്വർണം
കേരളം മെഡൽ പ്രതീക്ഷിച്ച പുരുഷ 800 മീറ്ററിൽ സർവീസസിന്റെ മലയാളി താരം പി. മുഹമ്മദ് അഫ്സൽ സ്വർണമണിഞ്ഞു. മത്സരത്തിന്റെ അവസാന നിമിഷം വരെ കേരള താരങ്ങളായ ജെ. ബിജോയിയും ജെ. റിജോയിയും മുന്നിലായിരുന്നു.
ഒരുഘട്ടത്തിൽ ഇരുവരും സ്വർണവും വെള്ളിയും നേടിയേക്കുമെന്ന പ്രതീതിയുണ്ടായി. എന്നാൽ, ഫിനിഷിംഗ് പോയിന്റിന് തൊട്ടുമുന്‍പ് ഇരുവരെയും പിന്നിലാക്കി അഫ്സൽ സ്വർണം സ്വന്തമാക്കി. ബിജോയി അഞ്ചാം സ്ഥാനത്തേക്കും റിജോയ് ആറാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
നെറ്റ്ബോളിൽ വെള്ളി
പുരുഷ വിഭാഗം ഫാസ്റ്റ് ഫൈവ് നെറ്റ്ബോളിൽ കേരളം വെള്ളി സ്വന്തമാക്കി. ഫൈനലിൽ കേരളം 29-32നു ഹരിയാനയോടു പരാജയപ്പെട്ടു.
കഠിനാധ്വാനത്തിന്റെ വെള്ളിത്തിളക്കം...
![](/newsimages/silver1222025.jpg)
ഡെറാഡൂണ്‍: ഒരു മാസത്തോളം നീണ്ട ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ദേശീയ ഗെയിംസിലെ ജിംനാസ്റ്റിക്സിൽ കേരളം ഇന്നലെ നടത്തിയ മെഡൽവേട്ട. പ്രതീക്ഷിച്ച സ്വർണം വെള്ളിയായി മാറിയതിന്റെ നിരാശ ഒഴിവാക്കിയാൽ അഭിമാനിക്കാൻ ഏറെയുണ്ട്. മൂന്നു വെള്ളിയും ഒരു വെങ്കലവുമാണ് മത്സരിച്ച അഞ്ച് ഇനങ്ങളിലായി കേരളം വാരിക്കൂട്ടിയത്.
അക്രോബാറ്റിക് ഇനങ്ങളായ മെൻസ് ഗ്രൂപ്പ്, മിക്സഡ് പെയർ എന്നിവയിൽ വെള്ളിയും വുമണ്‍സ് പെയറിൽ വെങ്കലവുമാണ് കേരളം ഇന്നലെ നേടിയത്. മറ്റൊരിനമായ ട്രംപോളിനിൽ വെള്ളിയും സ്വന്തമാക്കി.
ഷിറിൽ റൂമൻ, മുഹമ്മദ് അജ്മൽ, കെ.പി. സ്വാതിഷ്, മുഹമ്മദ് സഫാൻ എന്നിവരാണ് വെള്ളിമെഡൽ സ്വന്തമാക്കിയ പുരുഷ ടീം അംഗങ്ങൾ. ഇവരിൽ ഷിറിലും സ്വാതിഷും മുഹമ്മദ് സഫാനും ഗോവ നാഷണൽ ഗെയിംസിൽ ഇതേയിനത്തിൽ വെള്ളി നേടിയ ടീമിൽ അംഗങ്ങളാണ്.
മുഹമ്മദ് അജ്മൽ ആറിന് ബംഗാളിൽ നടന്ന സ്കൂൾ മീറ്റിൽ വ്യക്തിഗത ഇനത്തിൽ മത്സരിച്ച് വെങ്കലവുമായാണ് ഡെറാഡൂണിലെത്തിയത്. ടീമിൽ ചേർന്നത് ഏഴിന് ആദ്യറൗണ്ട് മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപും.
അക്രോബാറ്റിക് മിക്സഡ് പെയറിൽ മത്സരിച്ച ഫസൽ ഇംതിയാസ്-പാർവതി ബി. നായർ ടീം നാഷണൽ ജിംനാസ്റ്റിക് ചാന്പ്യൻഷിപ്പിലെ വെങ്കല നേട്ടക്കാരാണ്. ദേശീയ ഗെയിംസിൽ അതു വെള്ളിയാക്കി ഉയർന്നു. പാർവതിയുടെ സഹോദരി ലക്ഷ്മി ബി. നായർ, പൗർണമി ഹരികൃഷ്ണൻ സംഘത്തിന് അക്രോബാറ്റിക്സ് വുമണ്‍സ് പെയറിൽ ഇന്നലെ വെങ്കലമായിരുന്നു. മനു മുരളിയുടെ വകയാണ് ട്രംപോളിനിലെ വെള്ളിനേട്ടം.
കോഴിക്കോട് ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ജിംനാസ്റ്റിക്സ് സെന്ററിൽ സ്പോർട്സ് കൗണ്‍സിൽ കോച്ച് ടി. ജംഷീറിന്റെ ശിക്ഷണത്തിലായിരുന്നു ടീമിന്റെ പരിശീലനം. ദിവസേന കുറഞ്ഞത് 50 കിലോമീറ്റർ ഓരോ താരവും നടത്തം ഉറപ്പാക്കിയെന്നും അതിന്റെ ഗുണം മത്സരങ്ങളിൽ കാണാനായി എന്നും ജംഷീർ പറഞ്ഞു.