ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരള പുരുഷ ടീമിനു സ്വർണം
Saturday, February 8, 2025 1:41 AM IST
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
കൽദ്വാനിയിലെ ഇന്ധിരാഗാന്ധി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ ആരവങ്ങൾക്കുമേൽ വിജയാഹ്ലാദം തീർത്ത് കേരളം. മഞ്ഞുപൊതിഞ്ഞ മലനിരകളെ സാക്ഷിയാക്കി 28 വർഷത്തിനുശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം സ്വർണമണിഞ്ഞു.
38-ാമത് ദേശീയ ഗെയിംസ് ഫുട്ബോൾ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ ഉത്തരാഖണ്ഡിനെ കീഴടക്കിയാണ് കേരളത്തിന്റെ സുവർണ നേട്ടം. ഗെയിംസിൽ ഇന്നലെ കേരളം നേടിയ ഏക മെഡലും ഇതാണ്.
മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ ആധിപത്യം ഉറപ്പിച്ച കേരളത്തിന്റെ വിജയ ഗോൾ പിറക്കുന്നത് രണ്ടാംപകുതിയിൽ 53-ാം മിനിറ്റിലാണ്. വലത് വിംഗറായി കളിച്ച മുന്നേറ്റ താരം എസ്. ഗോകുൽ ആയിരുന്നു വിജയ ഗോൾ നേടിയത്.
ഇടതു വിംഗിൽനിന്ന് എസ്. സന്ദീപ് ബോക്സിലേക്ക് നൽകിയ ക്രോസ് പി. ആദിൽ സ്വീകരിച്ചു. ഗോളടിക്കാൻ ശ്രമിക്കാതെ വലതു വിംഗിലൂടെ ഓടിയെത്തിയ ഗോകുലിനു കൈമാറുകയായിരുന്നു. ഗോകുൽ ഉത്തരാഖണ്ഡ് ഗോൾകീപ്പറുടെ കാലിനിടയിലൂടെ കൃത്യമായി വലയിലാക്കി.
സ്വന്തം മണ്ണിൽ നാട്ടുകാർ നൽകിയ പിന്തുണയുടെ കരുത്തിൽ ഉത്തരാഖണ്ഡ് നടത്തിയ മുന്നേറ്റങ്ങളൊന്നും കേരളത്തിന്റെ പ്രതിരോധ നിരയെ മറികടന്നില്ല. പ്രതിരോധ താരം ടി.എൻ.സഫ്നാസ് (73’) ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കേരളത്തിന് തിരിച്ചടിയായി.
ആദ്യ ഘട്ടത്തിൽ റഫറി മഞ്ഞ കാർഡ് കാണിച്ചെങ്കിലും പിന്നീട് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഉത്തരാഖണ്ഡിന്റെ ഷലീന്തർ സിംഗ് നഗിക്കും ചുവപ്പ് കാർഡ് ലഭിച്ചു.
ദേശീയ ഗെയിംസ് ഫുട്ബോളിൽനിന്ന് കേരളം ഇതോടെ രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. 1997ൽ ബംഗളൂരുവിൽ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വർണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസിൽ വെള്ളി നേടിയപ്പോൾ ഗോവയിൽ വെങ്കലം സ്വന്തമാക്കി.
സന്തോഷ് ട്രോഫി കളിച്ച താരങ്ങളെ ഒഴിവാക്കി പുത്തൻ ടീമിനെയാണ് കേരളം ഗെയിംസിനിറക്കിയത്. ടി.വി. അൽകേഷ് രാജ്, അജയ് അലക്സ് ബിജേഷ് ടി. ബാലൻ എന്നിവരൊഴികെയുള്ളവരെല്ലാം പുതുമുഖങ്ങളായിരുന്നു. സൂപ്പർ ലീഗ് കേരളയിൽ കണ്ണൂരിന്റെ സഹ പരിശീലകനായിരുന്ന എം. ഷഫീഖ് ഹസനാണ് ടീം പരിശീലകൻ.
മണിപ്പുർ കരുത്തിലും ഫലമില്ല
ദേശീയ ഗെയിംസിൽ ഇന്നലെ നടന്ന തായ്ക്വാണ്ടോ 46 കിലോ ക്യോറൂഗി വിഭാഗത്തിൽ കേരളത്തിനുവേണ്ടി മത്സരിച്ച മണിപ്പുർ സ്വദേശി അച്ചൽതോന്പി ദേവി ആദ്യ റൗണ്ടിൽ പുറത്തായി. ഗോവ ദേശീയ ഗെയിംസിൽ വെങ്കല മെഡൽ ജേതാവായിരുന്നു.
വനിതകളുടെ പുംസയിൽ ലയ ഫാത്തി, സെബ കർണിക സംഖ്യവും പുറത്തായി. മനു ജോർജും മാർഗരറ്റ് മരിയ റെജിയും ഇന്നിറങ്ങും. മനു അണ്ടർ 80 കിലോ ഇനത്തിലും മാർഗരറ്റ് 67 കിലോ വിഭാഗത്തിലുമാണ് മത്സരിക്കുക.