ഗോളില്ലാ ടൈ
Sunday, January 19, 2025 1:59 AM IST
കൊച്ചി: 30-ാം മിനിറ്റിൽ പത്തു പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് തലതാഴ്ത്തിയില്ല. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ 17-ാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കു കയറി. 25 പോയിന്റുമായി നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്ത് തുടരുന്നു.
30-ാം മിനിറ്റിൽ പ്രതിരോധ താരം ഐബെൻ ഡോഹ്ലിംഗ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ അംഗബലം കുറഞ്ഞു. തുടർന്ന് ഒരു മണിക്കൂറിൽ അധികം 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് പോരാടിയത്. പ്രതിരോധം അവസരത്തിനൊത്തുയർന്ന മത്സരത്തിൽ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ മിന്നൽ സേവുകൾ ബ്ലാസ്റ്റേഴ്സിനെ സമനിലയിലെത്തിച്ചു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ അഡ്രിയാൻ ലൂണ നോർത്ത് ഈസ്റ്റിന്റെ വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചിരുന്നു. 12-ാം മിനിറ്റിൽ അജാറിയിയും ജിതിനും ചേർന്ന് നടത്തിയൊരു നീക്കം ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരം ഡ്രിൻസിച്ച് കോർണർ വഴങ്ങി തടഞ്ഞു.
ബ്ലാസ്റ്റേഴ്സ് ബോക്സിൽ അലാദീൻ അജറായിയെ ഫൗൾ ചെയ്തതിന് ഡോഹ്ലിംഗ് ചുവപ്പു കണ്ടു മടങ്ങി. 38-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് നോഹ് സദൗയി ഗോളിലേക്കു ഷോട്ടുതിർത്തു. ഗുർമീത് ഡൈവ് ചെയ്ത് പന്ത് തട്ടിത്തെറിപ്പിച്ചു. തുടർന്നും ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ഇരുടീമിനും അതു ഫലത്തിലെത്തിക്കാൻ സാധിച്ചില്ല.
ഈസ്റ്റ് ബംഗാളിനെതിരേ 24നാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കോൽക്കത്തയാണ് വേദി.