വിജയ് ഹസാരെ കർണാടകയ്ക്ക്
Sunday, January 19, 2025 1:57 AM IST
വഡോദര: 2024-25 സീസണ് വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടം കർണാടകയ്ക്ക്. ഫൈനലിൽ വിദർഭയെ 36 റണ്‍സിനു കർണാടക കീഴടക്കി. സ്കോർ: കർണാടക 50 ഓവറിൽ 348/6. വിദർഭ 48.2 ഓവറിൽ 312.
സ്മരണ്‍ രവിചന്ദ്രന്റെ സെഞ്ചുറിയാണ് കർണാടക ഇന്നിംഗ്സിൽ കരുത്ത്. 92 പന്തിൽ ഏഴ് ഫോറും മൂന്നു സിക്സും അടക്കം 101 റണ്‍സ് സ്മരണ്‍ രവിചന്ദ്രൻ അടിച്ചെടുത്തു.
കെ.എൽ. ശ്രീജിത്ത് (74 പന്തിൽ 78), അഭിനവ് മനോഹർ (42 പന്തിൽ 79) എന്നിവരും കർണാടക ഇന്നിംഗ്സിൽ തിളങ്ങി. ധ്രുവ് ഷോറെ (111 പന്തിൽ 110), ഹർഷ് ദുബെ (30 പന്തിൽ 63) എന്നിവരായിരുന്നു വിദർഭയ്ക്കുവേണ്ടി പോരാട്ടം നയിച്ചത്. എന്നാൽ, വി. കൗശിക്, പ്രസീദ് കൃഷ്ണ, അഭിലാഷ് ഷെട്ടി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി കർണാടകയെ കിരീടത്തിലെത്തിച്ചു.