മൂപ്പൻ മോണ്‍ഫിൽസ്
Sunday, January 19, 2025 1:59 AM IST
മെൽബണ്‍: ഫ്രഞ്ച് താരം ഗായേൽ മോണ്‍ഫിൽസ് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ. നാലാം സീഡായ അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെ അട്ടിമറിച്ചാണ് സീഡില്ലാത്ത മോണ്‍ഫിൽസിന്റെ പ്രീക്വാർട്ടർ പ്രവേശം.
3-6, 7-5, 7-6 (7-1), 6-4നായിരുന്നു ഫ്രഞ്ച് താരം വെന്നിക്കൊടി പാറിച്ചത്. മുപ്പത്തെട്ടുകാരനായ മോണ്‍ഫിൽസ് ഇതോടെ മെൽബണ്‍ പാർക്കിൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമതു കളിക്കാരൻ എന്ന നേട്ടത്തിലെത്തി. സ്വിസ് മുൻതാരം റോജർ ഫെഡററാണ് ഒന്നാമത്.
എട്ടാം സീഡായ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗർ, 13-ാം സീഡ് ഹോൾജർ റൂണ്, ബെൻ ഷെൽട്ടണ്‍ തുടങ്ങിയവരും പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ഇടംനേടി.
ലോക ഒന്നാം നന്പറായ ഇറ്റലിയുടെ യാനിക് സിന്നർ അമേരിക്കയുടെ മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി അവസാന പതിനാറിൽ പ്രവേശിച്ചു. സ്കോർ: 6-3, 6-4, 6-2.
ഭാര്യക്കും ജയം
വനിതാ സിംഗിൾസിൽ ഇറ്റലിയുടെ നാലാം സീഡായ ജാസ്മിൻ പൊലിനിയെ അട്ടിമറിച്ച് യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-6, 6-4, 6-0നായിരുന്നു മോണ്‍ഫിൽസിന്റെ ഭാര്യയായ സ്വിറ്റോളിനയുടെ ജയം.
വനിതാ സിംഗിൾസിലെ മറ്റു മത്സരങ്ങളിൽ രണ്ടാം റാങ്കുകാരിയായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ബ്രിട്ടന്റെ എമ്മ റാഡുകാനുവിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. സ്കോർ: 6-1, 6-0. അമേരിക്കയുടെ എമ്മ നവാരോ, കസാക്കിസ്ഥാന്റെ എലെന റെബാകിന തുടങ്ങിയവരും പ്രീക്വാർട്ടറിലെത്തി.