സർഫറാസിനെ ചാരനാക്കിയ ഗംഭീറിനെതിരേ ഹർഭജൻ
Friday, January 17, 2025 12:40 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂം രഹസ്യങ്ങൾ ഓസ്ട്രേലിയൻ ടീമിനു ചോർത്തി നൽകിയെന്നു ഗൗതം ഗംഭീർ നടത്തിയ ആരോപണത്തിനെതിരേ മുൻതാരം ഹർഭജൻ സിംഗ്. ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് സർഫറാസ് ടീം രഹസ്യങ്ങൾ ചോർത്തി നൽകിയതെന്നാണ് ഗംഭീറിന്റെ ആരോപണം. ഇക്കാര്യം ബിസിസിഐ റിവ്യൂ മീറ്റിംഗിൽ ഗംഭീർ ഉന്നയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഗംഭീറിന്റെ നടപടിക്കെതിരേ ഹർഭജൻ സിംഗ് രംഗത്തെത്തി. ഓസ്ട്രേലിയൻ പര്യടനത്തിലും അതിനുശേഷവുമുള്ള സംഭവവികാസങ്ങൾ അദ്ഭുതാവഹമാണെന്നാണ് ഹർഭജന്റെ വാക്കുകൾ. സർഫറാസ് ഡ്രസിംഗ് റൂം രഹസ്യങ്ങൾ ചോർത്തി എന്നതു കോച്ചിന്റെ ഉത്തരവാദിത്വം കൂടിയാണെന്നും ഹർഭജൻ പറയാതെ പറയുന്നു. യുവതാരം എന്ന നിലയിൽ എങ്ങനെയൊക്കെയാണ് പെരുമാറേണ്ടതെന്നു പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത് കോച്ചിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ ആറ്-ഏഴു മാസമായി ഇന്ത്യൻ ടീമിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പലതും അന്തരീക്ഷത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രസിംഗ് റൂം സംസാരങ്ങൾ രഹസ്യമായിരിക്കേണ്ടതാണെന്നും സർഫറാസ് അത് ചോര്ത്തിയെങ്കില് തെറ്റാണെന്നും ഹർഭജൻ പറഞ്ഞു. 2005-06 സീസണിൽ ഗ്രെഗ് ചാപ്പൽ കോച്ചായിരുന്നപ്പോഴുള്ള അവസ്ഥയാണ് ഇന്ത്യൻ ടീമിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.