നിരക്കു കുറച്ച് ആർബിഐ
Friday, February 7, 2025 11:57 PM IST
മുംബൈ: പ്രതീക്ഷിച്ചതുപോലെ തന്നെ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഇത് പൊതുജനത്തിന് വലിയ ആശ്വാസമാകും.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് നിരക്ക് കുറക്കുന്നത്. കേന്ദ്ര ബജറ്റിൽ ആദായ നികുതി ഇളവ് പരിധി 12 ലക്ഷം ആക്കിയതിന് പിന്നാലെയാണ് ആർബിഐയുടെ നടപടി. നിലവിൽ മന്ദഗതിയിലുള്ള സന്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതാണ് പുതിയ തീരുമാനം. പണനയ സമീപനം ന്യൂട്രൽ ആയി തുടരുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ നിരക്ക് കുറച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കിൽ ആർബിഐ മാറ്റം വരുത്തിയത്. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.50 ശതമാനത്തിൽ തുടരുകയാണ്. അന്ന് പണപ്പെരുപ്പം പിടിച്ചുനിർത്താനായിട്ടാണ് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർത്തിയത്.
സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ അവലോകനത്തിലാണ് നിരക്കിൽ കുറവു വരുത്താനുള്ള തീരുമാനം. ഏകകണ്ഠമായാണ് മോണിറ്ററി പോളിസി കമ്മിറ്റി നിരക്കു കുറയ്ക്കാൻ തീരുമാനമെടുത്തതെന്ന് മൽഹോത്ര പറഞ്ഞു.
തളർച്ച ബാധിച്ച സന്പദ് രംഗത്ത പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ആർബിഐ നടപടി. ബജറ്റിൽ ആദായ നികുതി ഇളവു പരിധി ഉയർത്തിയതിനു പിന്നാലെ പലിശ നിരക്കിൽ കുറവ് വരുത്തിയതിലൂടെ വിപണിയിൽ കൂടുതൽ പണമെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2022 മേയ് മുതൽ 2023 ഫെബ്രുവരി വരെയായി ആർബിഐ തുടർച്ചയായി ആറു തവണകളിലായി പലിശ നിരക്കിൽ വർധന വരുത്തിയിരുന്നു. ആറ് അവലോകനങ്ങളിലായി 250 ബേസിസ് പോയിന്റ് ആണ് വർധിപ്പിച്ചത്.
മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷത്തിലെ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. അടുത്ത സാന്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 6.7 ശതമാനവും രണ്ടാം പാദത്തിൽ 7 ശതമാനവും മൂന്നാം പാദത്തിൽ 6.5 ശതമാനവും നാലാം പാദത്തിൽ 6.5 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.
നടപ്പു സാന്പത്തിക വർഷത്തിൽ ചില്ലറ പണപ്പെരുപ്പം 4.8 ശതമാനമായിരിക്കും. അവസാന പാദത്തിൽ ഇത് 4.2 ശതമാനമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാന്പത്തിക വർഷത്തിൽ 4.2 ശതമാനമാകുമെന്നാണ് കരുതുന്നത്. ഭക്ഷ്യ പണപ്പെരുപ്പം കുറയേണ്ടതുണ്ടെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു.