കഴിഞ്ഞ വർഷം മലേഷ്യ സന്ദർശിച്ചത് 10 ലക്ഷം ഇന്ത്യക്കാർ
Friday, February 7, 2025 11:56 PM IST
കൊച്ചി: കഴിഞ്ഞവർഷം ഇന്ത്യയിൽനിന്ന് 10 ലക്ഷം വിനോദസഞ്ചാരികളാണ് മലേഷ്യ സന്ദർശിച്ചതെന്ന് ടൂറിസം മലേഷ്യ ഡയറക്ടർ ജനറൽ ദാതുക് മനോഹരൻ പെരിയസാമി. ഇതിൽ 50 ശതമാനത്തിലധികം പേർ ദക്ഷിണേന്ത്യയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള സാംസ്കാരിക, വിനോദ സഞ്ചാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച മലേഷ്യൻ ടൂറിസം മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
151 വിമാന സർവീസുകൾ വഴി 26,686 സീറ്റുകളാണ് മലേഷ്യ സന്ദർശനത്തിന് പ്രതിവാരം ഇന്ത്യയിൽ നിന്നുള്ളത്. ചെന്നൈയിൽനിന്നും ബംഗളൂരുവിൽനിന്നും പെനാങ്ങിലേക്കും ലങ്കാവിയിലേക്കും ഇൻഡിഗോ എയർലൈൻസ് അടുത്തിടെ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2026 ‘വിസിറ്റ് മലേഷ്യ ഇയർ’ ആയി ആചരിക്കുമ്പോൾ 1.6 ദശലക്ഷം ഇന്ത്യൻ യാത്രികരെയാണ് മലേഷ്യ ലക്ഷ്യമിടുന്നത്. എല്ലാ യാത്രക്കാർക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും മനോഹരമായ സന്ദർശന കേന്ദ്രങ്ങളും മലേഷ്യ ഒരുക്കുന്നുണ്ടെന്നും ദാതുക് മനോഹരൻ പെരിയസാമി പറഞ്ഞു.
ടൂറിസം മലേഷ്യ എന്ന പേരിലും അറിയപ്പെടുന്ന മലേഷ്യ ടൂറിസം പ്രമോഷൻ ബോർഡ്, മലേഷ്യയുടെ ടൂറിസം, കലാ-സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസിയാണ്.
കൊച്ചി, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങൾ സന്ദർശിക്കുന്ന സംഘത്തിൽ മലേഷ്യയിൽ നിന്നുള്ള 62 ടൂറിസം സേവനദാതാക്കളുടെ പ്രതിനിധികളാണു മേളയിൽ പങ്കെടുത്തത്.
ടൂർ, ബിസിനസ് മീറ്റ്, സമ്മേളനങ്ങൾ, എക്സിബിഷൻ, വിവാഹം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട് മലേഷ്യ ഒരുക്കുന്ന ടൂറിസം പാക്കേജുകൾ മേളയിൽ പരിചയപ്പെടുത്തും.