സൈബര്‍സ്റ്റർ ഇവി പറപറക്കും
Friday, February 7, 2025 11:56 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഇലക്ട്രിക് കാറുകളിലെ വേഗതയുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന ജെഎസ്ഡബ്ല്യു-എംജി മോട്ടോഴ്സിന്റെ സ്പോര്‍ട്സ് കാര്‍ സൈബര്‍സ്റ്ററിന്റെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു.
എംജി മോട്ടോഴ്സിന്റെ സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും സൈബര്‍സ്റ്ററിനെ വിപണനത്തിന് എത്തിക്കുക. ഡല്‍ഹിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് എംജി തങ്ങളുടെ ഈ അഭിമാന മോഡല്‍ അവതരിപ്പിച്ചത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.
ഹൃദയവേഗം
അന്താരാഷ്ട്ര വിപണികളില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട് കാറില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ആദ്യത്തേത് 64 കിലോവാട്ട് യൂണിറ്റാണ്. ഈ മോഡല്‍ സിംഗിള്‍ ചാര്‍ജില്‍ പരമാവധി 520 കിലോമീറ്ററോളം റേഞ്ച് നല്കാന് കഴിവുള്ളതാണ്. അതേസമയം ടോപ്പ് എന്ഡിന് 77 കിലോവാട്ട് ബാറ്ററി പായ്ക്കാവും ലഭിക്കുക.
ഒറ്റ ചാര്‍ജില്‍ 570 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന 77 കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കോട് കൂടിയ വാഹനമാവും ഇന്ത്യയില്‍ അവതരിപ്പിക്കുക. ടൂ സീറ്റര്‍ ഇലക്ട്രിക് റോഡ്സ്റ്റര്‍ മോഡല്‍ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഓരോ ആക്സിലും ഘടിപ്പിച്ചിരിക്കുന്നതിനാല്‍ നാല് വീലുകള്‍ക്കും ഒരുപോലെ പവര്‍ നൽകുന്നു. വാഹനം 510 ബിഎച്ച്പി പവറും 725 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.2 സെക്കന്‍ഡ് മതി.
അഴകിയരാജ
1960കളിലെ എംജിബി റോഡ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൈബര്‍സ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്റ്റൈലിലാണ് സൈബര്‍സ്റ്റർ.
റോഡിനോട് പറ്റിക്കിടക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബംപർ, വലിയ എയര്‍ ഇന്‍ടേക്ക്, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പ്, ഓവല്‍ ഷേയ്പ്പില് ഒരുങ്ങിയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാണ് സൈബർസ്റ്ററിന്റെ മുഖം. മുന്‍ഭാഗം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സ്റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയിൽലാമ്പ്, എല്‍ഇഡി ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിംഗ് എംജി ലോഗോ എന്നിവ വാഹനം മനോഹരമാക്കുന്നു.
സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമായാണ് വശങ്ങളുടെ രൂപകല്‍പ്പന. വലിയ അലോയ് വീലുകളും വശങ്ങളെ ആകര്‍ഷകമാക്കുന്നുണ്ട്. വലിപ്പത്തിന്റെ കാര്യത്തില്‍ 4,533 മില്ലിമീറ്റര്‍ നീളവും 1,912 മില്ലിമീറ്റര്‍ വീതിയും 1,328 മില്ലിമീറ്റര്‍ ഉയരവും 2,689 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് ഈ ഇലക്ട്രിക് സ്പോര്‍ട്സ് കാറിനുള്ളത്. ഇന്ത്യയില്‍ ചുവപ്പ്, മഞ്ഞ, വെള്ള, ഗ്രേ എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക.
അകക്കണ്ണ്
ഡ്യുവല്‍ റഡാര്‍ സെന്‍സറുകളും അധിക സുരക്ഷയ്ക്കായി ആന്റി പിഞ്ച് മെക്കാനിസവും സിസര്‍ ഡോറുകളുമായിരിക്കും സൈബര്‍സ്റ്ററില്‍ അവതരിപ്പിക്കുക. സ്റ്റെബിലിറ്റിയും ഹാന്‍ഡിലിങ്ങും ഉറപ്പാക്കാനായി മുന്നില്‍ ഇരട്ട വിഷ്ബോണ്‍ സസ്പെന്‍ഷനും പിന്നില്‍ ഫൈവ് ലിങ്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ ഭാരം മുന്നിലും പിന്നിലും 50:50 എന്ന തുല്യ അനുപാതത്തില്‍ ക്രമീകരിച്ചതിനാല്‍ കൃത്യമായ ട്രാക്ഷനും ഉറപ്പാകും.
അകത്തളത്തില്‍ സൈബര്‍സ്റ്ററിനെ വ്യത്യസ്തമാക്കുന്നത് ഡിജിറ്റല്‍ ട്രിപ്പിള്‍ സ്ക്രീന്‍ കോണ്‍ഫിഗറേഷനാണ്. 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷ്ബോര്‍ഡിനെ സെന്റര്‍ കണ്‍സോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്ക്രീന്‍ എന്നിവ ഈ കോണ്‍ഫിഗറേഷനില്‍ ഉള്‍പ്പെടുന്നു.
സ്പോര്‍ട്സ് സീറ്റുകളും മള്‍ട്ടി-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഇന്റീരിയറിനെ ഭംഗിയുള്ളതാക്കുന്നു. ലോഞ്ച് കണ്‍ട്രോളിനുള്ള ഒരു റൗണ്ട് ഡയലും സ്റ്റിയറിംഗ് വീലില്‍ സ്ഥാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവ ഉള്‍പ്പടെ നിരവധി ഫീച്ചറുകളാണ് സൈബര്‍സ്റ്ററില്‍ എംജി നല്‍കിയിരിക്കുന്നത്.