ബാങ്ക് ഓഫ് ഇന്ത്യയുടെ ഒമ്പത് മാസത്തെ ലാഭം 6,500 കോടി
Friday, February 7, 2025 11:56 PM IST
കൊച്ചി: മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒമ്പതു മാസത്തെ ലാഭം 6,500 കോടി രൂപയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രജനീഷ് കര്‍ണാടക്.
2024 ഡിസംബര്‍ വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 5200ലധികം ശാഖകളും 51,000ലധികം ജീവനക്കാരുമുള്ള ബാങ്കിന്റെ ആകെ ബിസിനസ് 14.46 ലക്ഷം കോടി രൂപയാണ്. 15 വിദേശരാജ്യങ്ങളിലും ബാങ്ക് ഓഫ് ഇന്ത്യക്ക് സാന്നിധ്യമുണ്ട്.
104 ശാഖകള്‍ ഉള്ള കേരളത്തില്‍ 6,000 കോടി രൂപയിലധികം നിക്ഷേപങ്ങളും 7,000 കോടി രൂപയിലധികം വായ്പകളും ഉള്‍പ്പെടെ 13,000 കോടിയിലധികം രൂപയുടെ മൊത്തം ബിസിനസ് ആണുള്ളത്. ഇത് കൂടാതെ കേരളത്തില്‍ 177 എടിഎമ്മുകളും 78 ബിസിനസ് കറസ്പോണ്ടന്റ് പോയിന്റുകളും ഉണ്ട്.
മാര്‍ച്ചോടെ 11 ശാഖകള്‍ കൂടി തുറക്കാനും അതുവഴി കേരളത്തിലെ ബിസിനസില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാനും ഉദ്ദേശിച്ചാണ് മുന്നേറുന്നതെന്ന് രജനീഷ് കര്‍ണാടക് സൂചിപ്പിച്ചു.