മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Friday, February 21, 2025 3:26 AM IST
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ.
രക്തപരിശോധനയിൽ അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നു മെഡിക്കൽ സംഘം അറിയിച്ചതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ രാത്രി മാർപാപ്പ നന്നായി ഉറങ്ങി. ഇന്നലെ രാവിലെ ചാരുകസേരയിൽ ഇരുന്നു പ്രഭാതഭക്ഷണം കഴിച്ചു.
അടുത്ത സഹപ്രവർത്തകരുടെ സഹായത്തോടെ അനുദിനപ്രവർത്തനങ്ങളിൽ മുഴുകിയതായും വത്തിക്കാൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്.
അതിനിടെ, മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെങ്ങുമുള്ള രൂപതകളുടെ ആഹ്വാനപ്രകാരം പ്രാർഥനകൾ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നിശബ്ദ ദിവ്യകാരുണ്യ ആരാധന നടത്തി.