മൃതദേഹം മാറി; ഹമാസിനു മുന്നറിയിപ്പുമായി നെതന്യാഹു
Saturday, February 22, 2025 12:15 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ വ്യാഴാഴ്ച ഇസ്രയേലിനു കൈമാറിയ നാലു മൃതദേഹങ്ങളിലൊന്ന് ഷിരി ബിബാസ് എന്ന വനിതയുടേതല്ലെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട ആരുടെയും മൃതദേഹമല്ലിത്. ഷിരിയുടെ മൃതദേഹത്തിനൊപ്പം മറ്റു ബന്ദികളെയും കൈമാറിയില്ലെങ്കിൽ ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിർ ബിബാസ് (ഒന്‍പതു മാസം), സഹോദരൻ ഏരിയൽ (നാല്), ഇവരുടെ അമ്മയായ ഷിരി (32), മുൻ മാധ്യമപ്രവർത്തകൻ ഒദെദ് ലിഫ്ചിറ്റ്സ് (84) എന്നിവരുടെ മൃതദേഹങ്ങളാണു വ്യാഴാഴ്ച കൈമാറിയതെന്നാണ് ഹമാസ് അറിയിച്ചത്. ഇസ്രയേലിലെത്തിച്ചു നടത്തിയ ഫോറൻസിക് പരിശോധനയിൽ ഷിരിയുടേത് ഒഴികെയുള്ള മൃതദേഹങ്ങൾ ഇതേ പേരുകാരുടേതുതന്നെയെന്നു സ്ഥിരീകരിച്ചു.
ഷിരിയുടെ മൃതദേഹം മാറിപ്പോയതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഹമാസ് അറിയിച്ചു. 2023 നവംബറിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന വാദം ഹമാസ് ആവർത്തിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഷിരിയുടെ മൃതദേഹം മാറിപ്പോയിരിക്കാമെന്നാണു ഹമാസ് വക്താവ് ഇസ്മയിൽ അൽ തവാബ പറഞ്ഞത്.
എന്നാൽ, ഹമാസ് ഭീകരർ ഗാസാ വനിതയുടെ മൃതദേഹം പെട്ടിയിലാക്കി കൈമാറുകയായിരുന്നുവെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു.
ഹമാസിന്റെ വാദങ്ങൾക്കു വിരുദ്ധമായി, ഷിരിയുടെ രണ്ട് ആൺമക്കളെയും ഭീകരർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു പരിശോധനയിൽ കണ്ടെത്തിയതായി ഇസ്രേലി സേന പറഞ്ഞു.