കാഷ് പട്ടേൽ എഫ്ബിഐ മേധാവി
Saturday, February 22, 2025 12:15 AM IST
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും കരുത്തുറ്റ അന്വേഷണ ഏജൻസികളിലൊന്നായ അമേരിക്കയിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഫ്ബിഐ) ഡയറക്ടറായി ഇന്ത്യൻ വംശജൻ കശ്യപ് പ്രമോദ് വിനോദ് പട്ടേലിനെ (കാഷ് പട്ടേൽ) നിയമിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശിപാർശ സെനറ്റ് അംഗീകരിച്ചു.
വ്യാഴാഴ്ച സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണു നിയമനം അംഗീകരിക്കപ്പെട്ടത്. നൂറംഗ സെനറ്റിൽ 49 പേർ എതിർത്തപ്പോൾ 51 പേർ പിന്തുണച്ചു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ രണ്ട് അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു.
നാൽപ്പത്തിനാലുകാരനായ പട്ടേൽ മുൻ പ്രോസിക്യൂട്ടറും പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനുമാണ്. ഇദ്ദേഹത്തിന്റെ പൂർവികർ ഗുജറാത്തിലെ ആനന്ദ് ജില്ലക്കാരാണ്.
പട്ടേൽ കുടുംബം എൺപതു വർഷം മുന്പ് ആഫ്രിക്കയിലെ യുഗാണ്ടയിൽനിന്നാണ് അമേരിക്കയിലെത്തിയത്. ന്യൂയോർക്കിൽ ജനിച്ച പട്ടേൽ അമേരിക്കയിലെ പ്രമുഖ അന്വേഷണ ഏജൻസിയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്.