യുക്രെയ്നു വ്യക്തമായ സുരക്ഷാ ഉറപ്പുകൾ വേണം: സെലൻസ്കി
Saturday, February 22, 2025 12:15 AM IST
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്പ് യുക്രെയ്നു വ്യക്തമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നു പ്രസിഡന്റ് സെലൻസ്കി. കഴിഞ്ഞദിവസം കീവിലെത്തിയ അമേരിക്കൻ പ്രതിനിധി കീത്ത് കെല്ലോഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടതായി സെലൻസ്കി അറിയിച്ചു.
അമേരിക്കയുമായി ശക്തമായ കരാറാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നത്. സുരക്ഷ, സാന്പത്തിക താത്പര്യങ്ങൾ കരാറിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. യുദ്ധം പുനരാരംഭിക്കാതിരിക്കാനും റഷ്യ അതിക്രമങ്ങൾക്കു മുതിരാതിരിക്കാനും വ്യക്തമായ ഉറപ്പുകൾ യുക്രെയ്നു ലഭിക്കണം. യുക്രെയ്നും അമേരിക്കയും യൂറോപ്പും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, സെലൻസ്കിയുടെ അധിക്ഷേപങ്ങൾ പ്രസിഡന്റ് ട്രംപിനെ നിരാശപ്പെടുത്തിയെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് പറഞ്ഞു.
സെലൻസ്കി ചർച്ചയിലേക്കു മടങ്ങിവരണമെന്നും യുക്രെയ്നിലെ പ്രകൃതിവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം നല്കുന്ന കരാറിൽ ഒപ്പുവയ്ക്കണമെന്നും വാൾട്സ് ആവശ്യപ്പെട്ടു.
സെലൻസ്കിയുടെ അധിക്ഷേപണങ്ങളിൽ വൈറ്റ്ഹൗസിനും അസ്വസ്ഥതയുണ്ട്. സുരക്ഷാ ഉറപ്പ് സംബന്ധിച്ച് അസുലഭ അവസരമാണ് അമേരിക്ക യുക്രെയ്നു നല്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ വിഷയത്തിൽ യൂറോപ്യൻ നേതൃത്വത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറും വരും ദിവസങ്ങളിൽ അമേരിക്കയിലെത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് മക്രോണിന്റെ സന്ദർശനം. സ്റ്റാർമർ വ്യാഴാഴ്ചയെത്തും.