അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം പ്രഖ്യാപിച്ച് ട്രംപ്
Saturday, February 8, 2025 12:22 AM IST
വാഷിംഗ്ടൺ ഡിസി: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐസിസി) എതിരേ യുഎസ് പ്രസിഡന്റ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചു. യുഎസിലെയും ഇസ്രയേൽ അടക്കമുള്ള സഖ്യകക്ഷികളിലെയും പൗരന്മാർക്കെതിരേ നടപടി എടുക്കുന്ന ഐസിസി ഉദ്യോഗസ്ഥർ സാന്പത്തിക, യാത്രാ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഐസിസി അറസ്റ്റ് വാറന്റ് നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ട്രംപിനെ കണ്ടതിനു പിന്നാലെയാണു നടപടി.
ആഗോളതലത്തിൽ അതിക്രമങ്ങൾ നേരിടുന്ന ലക്ഷക്കണക്കിനു നിരപരാധികൾക്കു നീതി ലഭ്യമാക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നാണ് ഐസിസി പ്രതികരിച്ചിരിക്കുന്നത്. ഐസിസിയിൽ അംഗമായ 125 രാജ്യങ്ങൾ കോടതി ജീവനക്കാർക്കു പിന്തുണ നല്കണമെന്നും ആവശ്യപ്പെട്ടു.
യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ, വംശഹത്യ, സൈനികാധിനിവേശം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തികളെ വിചാരണ ചെയ്യാൻ അധികാരമുള്ള ഐസിസി നെതർലൻഡ്സിലെ ഹേഗിലാണു സ്ഥിതി ചെയ്യുന്നത്. അമേരിക്ക, ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഐസിസിയിൽ അംഗമല്ല.
ഉപരോധം നേരിടുന്ന ഐസിസി ജീവനക്കാരുടെ പട്ടിക ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഉപരോധം നിലവിൽ വരുന്പോൾ ഇവരുടെ യുഎസിലെ സ്വത്തുക്കൾ കണ്ടുകെട്ടും. യുഎസിൽ ഇവർക്ക് പ്രവേശനവിലക്കും ഉണ്ടാകും.
ഐസിസിക്കെതിരേ ഉപരോധം ചുമത്തുന്ന നിയമം പാസാക്കാൻ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേരത്തേ നടത്തിയ ശ്രമങ്ങൾ പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിക്കാർ സെനറ്റിൽ പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണു ട്രംപ് ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐസിസിക്കു പിന്തുണ പ്രഖ്യാപിച്ചും ട്രംപിനെ അപലപിച്ചും യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നു. ഉപരോധങ്ങൾ ഐസിസിയുടെ സ്വതന്ത്ര പ്രവർത്തനത്തിന് ഭീഷണി ഉയർത്തുന്നതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രതികരിച്ചു. അതേസമയം, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ ട്രംപിനെ അനുകൂലിച്ചു.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിച്ചതിന്റെ പേരിൽ ഐസിസിയുടെ മുൻ പ്രോസിക്യൂട്ടർ അടക്കമുള്ളവർക്കെതിരേ ഉപരോധങ്ങൾ ചുമത്തിയിരുന്നു.