യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്താൻ യുഎസ് സമ്മർദം
Monday, February 3, 2025 12:42 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയുമായി വെടിനിർത്തലുണ്ടാകുന്ന പക്ഷം യുക്രെയ്നിൽ പൊതു തെരഞ്ഞെടുപ്പു നടത്താൻ യുഎസിലെ ട്രംപ് ഭരണകൂടം സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ചിരിക്കുന്ന യുക്രെയ്നിലെ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് ട്രംപിന്റെ യുക്രെയ്ൻ കാര്യങ്ങൾക്കുള്ള പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് ഒരഭിമുഖത്തിൽ പറഞ്ഞു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ അഞ്ചുവർഷക്കാലാവധി 2024ൽ അവസാനിച്ചതാണ്. എന്നാൽ യുക്രെയ്നിൽ പട്ടാളനിയമം പ്രാബല്യത്തിലുള്ളതിനാൽ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്തിയിട്ടില്ല.
വെടിനിർത്തലിന്റെ ഭാഗമായി തെരഞ്ഞെടുപ്പു നടത്താൻ യുക്രെയ്നുമേൽ സമ്മർദം ചെലുത്തുന്നതിനെക്കുറിച്ച് യുഎസിൽ ആലോചന നടക്കുന്നതായി ഇതുമായി ബന്ധപ്പെട്ട രണ്ടു വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷം അവസാനിക്കുന്നതിനു മുന്പായി തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചാണ് ആലോചന. ഇക്കാര്യം യുക്രെയ്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
യുദ്ധം അവസാനിച്ചാൽ വർഷാവസാനം തെരഞ്ഞെടുപ്പു നടത്താമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്പു പറഞ്ഞിട്ടുണ്ട്. അതേസമയം, ട്രംപിനു മുന്പ് ബൈഡൻ ഭരണകൂടം രണ്ടുവട്ടം തെരഞ്ഞെടുപ്പിനായി യുക്രെയ്നുമേൽ സമ്മർദം ചെലുത്തിയിരുന്നു. യുദ്ധകാലത്തെ തെരഞ്ഞെടുപ്പ് രാജ്യത്തെ വിഭജിക്കുമെന്ന് ചൂണ്ടിക്കാട്ടി യുക്രെയ്ൻ ഈ ആവശ്യം നിരാകരിച്ചു.