മൂന്ന് ബന്ദികൾ മോചിതരായി
Sunday, February 2, 2025 12:09 AM IST
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ ഇന്നലെ മൂന്ന് ഇസ്രേലി ബന്ദികളെക്കൂടി മോചിപ്പിച്ചു. പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 183 പലസ്തീൻ തടവുകാരും മോചിതരായി.
ഇസ്രേലി-ഫ്രഞ്ച് പൗരൻ ഒഫീർ കാർഡെറോൺ, ഇസ്രേലി-അമേരിക്കൻ പൗരൻ കീത്ത് സീഗൽ, ഇസ്രേലി പൗരൻ യാർദൻ ബിബാസ് എന്നിവരാണ് ഇന്നലെ മോചിതരായത്. രണ്ടു പേരെ ഖാൻ യൂനിസ് നഗരത്തിൽവച്ചും ഒരാളെ ഗാസ സിറ്റിയിൽവച്ചുമാണു മോചിപ്പിച്ചത്. റെഡ് ക്രോസ് ആണ് മൂന്നു പേരെയും സ്വീകരിച്ച് ഇസ്രേലി സൈന്യത്തിനു കൈമാറിയത്.
വെടിനിർത്തൽ ആരംഭിച്ചശേഷം നാലാമത്തെ ബന്ദിമോചനമായിരുന്നു ഇത്. അഞ്ചു തായ്ലൻഡ് പൗരന്മാരടക്കം 18 ബന്ദികളെയാണ് ഹമാസ് ഇതുവരെ മോചിപ്പിച്ചത്. 583 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു.
വ്യാഴാഴ്ചത്തെ ബന്ദികൈമാറ്റത്തിനിടെ ഉണ്ടായ ജനക്കൂട്ടത്തിന്റെ ഉന്തും തള്ളും അടക്കമുള്ള അരാജകത്വം ഇന്നലെ കണ്ടില്ല. അതേസമയം, ഗാസയിൽ തങ്ങൾക്കാധിപത്യമുണ്ടെന്നു കാണിക്കാനായി ആയുധമേന്തിയ ഹമാസ് ഭീകരരുടെ പരേഡ് നടന്നു. വ്യാഴാഴ്ചത്തെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തുടർന്നുള്ള ബന്ദിമോചനത്തിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നു മധ്യസ്ഥർ ഇസ്രയേലിനെ അറിയിച്ചിരുന്നു.
രണ്ടാംഘട്ട വെടിനിർത്തലിനു ചർച്ച തുടങ്ങും
ഗാസ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ച വ്യാഴാഴ്ച തുടങ്ങിയേക്കും. ഗാസയിൽ അവശേഷിക്കുന്ന ബന്ദികളുടെ മോചനവും യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കലുമാണ് ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ജനുവരി 19ന് ആരംഭിച്ച ഒന്നാം ഘട്ടം 16 ദിവസം പിന്നിട്ടാൽ രണ്ടാം ഘട്ടത്തിനായി ചർച്ച ആരംഭിക്കാമെന്നാണു കരാർ.
ഇതിനിടെ, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച അമേരിക്കയിൽ പ്രസിഡന്റ് ട്രംപിനെ കാണുന്നുണ്ട്. യുദ്ധാനന്തരം സൗദി അടക്കമുള്ള അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതു ചർച്ചയാകും.
പലസ്തീൻ കുട്ടികൾ ചികിത്സയ്ക്കായി ഈജിപ്തിലേക്ക്
കയ്റോ: അടിയന്തരചികിത്സ ആവശ്യമുള്ള 50 പലസ്തീൻ കുട്ടികൾ ഇന്നലെ റാഫ അതിർത്തി വഴി ഈജിപ്തിലെത്തി. അവസാന വനിതാ ബന്ദിയെയും ഹമാസ് മോചിപ്പിച്ചതിനെത്തുടർന്നാണു ഗാസ നിവാസികൾക്കു ചികിത്സയ്ക്കായി ഈജിപ്തിൽ പോകാൻ ഇസ്രയേൽ അനുമതി നല്കിയത്.
ഒന്പതു മാസം മുന്പ് ഇസ്രേലി സേന പിടിച്ചെടുത്ത റാഫ അതിർത്തി ഇന്നലെയാണ് ആദ്യമായി തുറന്നത്. രോഗികളും യുദ്ധത്തിൽ പരിക്കേറ്റവരുമായ കുട്ടികളെ റെഡ്ക്രോസ് ആംബുലൻസിൽ അതിർത്തിയിലെത്തിച്ചേശേഷം ഈജിപ്ഷ്യൻ അധികൃതർക്കു കൈമാറുകയായിരുന്നു.