വ്യോമാക്രമണത്തിൽ നാല് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു
Sunday, February 2, 2025 12:09 AM IST
ബാഗ്ദാദ്: മധ്യ ഇറാക്കിൽ ഇറാക്കി സേന നടത്തിയ വ്യോമാക്രമണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന നാല് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. സലാഹുദീൻ, കിർകുക്ക് എന്നീ പ്രവിശ്യകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സർഗ മേഖലയിലാണ് ഇറാക്കി സൈനികരുടെ അപ്രതീക്ഷിതമായ നീക്കമുണ്ടായത്.
2017ലെ ഐഎസിന്റെ പരാജയത്തോടെ ഇറാക്കിലെ സുരക്ഷാ സാഹചര്യങ്ങൾ വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും ഐഎസിന്റെ അവശേഷിക്കുന്ന അനുയായികൾ ഇപ്പോഴും നഗരപ്രദേശങ്ങൾ, മരുപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സൈനികരെയും പ്രദേശവാസികളെയും ലക്ഷ്യമാക്കി ഗറില്ലാ ആക്രമണങ്ങൾ നടത്തുന്നുണ്ട്.