വെടിനിർത്തൽ രണ്ടാം ഘട്ടം: ഇന്നു ചർച്ച തുടങ്ങുമെന്ന് നെതന്യാഹു
Monday, February 3, 2025 12:42 AM IST
ടെൽ അവീവ്: ഗാസ വെടിനിർത്തലിന്റെ രണ്ടാംഘട്ടത്തിനായുള്ള ചർച്ച ഇന്നാരംഭിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇന്നലെ അമേരിക്കയിലേക്കു തിരിച്ച നെതന്യാഹു ഇന്ന് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്തും.
വെടിനിർത്തൽ തുടരുന്നതു സംബന്ധിച്ച ഇസ്രേലി നിലപാട് നെതന്യാഹു കൂടിക്കാഴ്ചയിൽ അറിയിക്കും. സ്റ്റീവ് വിറ്റ്കോഫ് ഇസ്രേലി നിലപാടുകൾ, വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെയും ഈജിപ്തിനെയും അറിയിക്കും. നെതന്യാഹു ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ പ്രസിഡന്റ് ട്രംപുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
മൂന്നു ഘട്ടങ്ങളായി വ്യവസ്ഥ ചെയ്തിരിക്കുന്ന വെടിനിർത്തലിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ മാസം 19നു പ്രാബല്യത്തിൽ വന്നിരുന്നു. ആറാഴ്ച നീളുന്ന ഒന്നാം ഘട്ടം താത്കാലിക വെടിനിർത്തൽ മാത്രമാണ്. ഇക്കാലയളവിൽ ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽനിന്ന് 33 ബന്ദികളെ മോചിപ്പിക്കാനാണ് ധാരണ. ഇതുവരെ 18 പേർ മോചിതരായിട്ടുണ്ട്. 70നു മുകളിൽ ബന്ദികൾ ഇനിയും ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. മുഴുവൻ ബന്ദികളുടെ മോചനവും യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കലുമാണ് രണ്ടാംഘട്ട വെടിനിർത്തലിൽ ഉദ്ദേശിക്കുന്നത്.