ഗാസയിൽ ഹമാസ് പിടിമുറുക്കുന്നു; വെടിനിർത്തലിനെ ബാധിച്ചേക്കും
Thursday, January 23, 2025 12:39 AM IST
കയ്റോ: ഹമാസ് ഭീകരർ ഗാസയുടെ ഭരണനിയന്ത്രണം ഏറ്റെടുത്തുതുടങ്ങിയെന്നും ഇതു വെടിനിർത്തലിനെ ബാധിച്ചേക്കുമെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, ഗാസയുടെ നിയന്ത്രണം തങ്ങൾക്കാണെന്നു വ്യക്തമാക്കുന്ന നടപടികളിലേക്കു ഹമാസ് കടന്നു.
യുദ്ധത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം നല്കുന്നത് ഹമാസാണ്. സഹായവസ്തുക്കളെത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസികളുടെ വാഹനങ്ങൾക്കു ഹമാസിന്റെ കാവലുണ്ട്. ഹമാസിന്റെ പോലീസ് വിഭാഗം നിരത്തുകളിൽ പട്രോളിംഗ് ആരംഭിച്ചു. പറ്റുന്ന സ്ഥലങ്ങളിലെല്ലാം അവശ്യസേവനങ്ങൾ ആരംഭിക്കാനും തുടങ്ങി.
പതിനഞ്ചു മാസത്തെ ഇസ്രേലി ആക്രമണത്തിൽ ഹമാസിന്റെ ശേഷിക്കു വലിയതോതിൽ നാശം നേരിട്ടെങ്കിലും ഗാസയിൽ ഹമാസിനുള്ള പിടി അയഞ്ഞിട്ടില്ലെന്നാണു വാർത്താ ഏജൻസി ചൂണ്ടിക്കാട്ടിയത്. ജനങ്ങൾക്കു സേവനങ്ങൾ നല്കുന്നതിന് ഇപ്പോഴും 18,000 ജീവനക്കാർ നിലവിലുണ്ടെന്ന് ഹമാസ് സർക്കാരിന്റെ മാധ്യമവിഭാഗം പറഞ്ഞു.
ഹമാസിന്റെ കാവലോടെ എത്തിക്കുന്ന സഹായവസ്തുക്കൾ കൊള്ളയടിക്കാൻ ആരും മുതിരുന്നില്ല. ലോറികൾ കൊള്ളചെയ്യപ്പെടുന്നില്ലെന്ന വിവരം യുഎൻ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.യുദ്ധത്തിനിടെ സഹായലോറികൾ കൊള്ളയടിക്കപ്പെടുന്നതു പതിവു സംഭവമായിരുന്നു.
മുനിസിപ്പാലിറ്റികളിൽ ഹമാസിന്റെ നേതൃത്വത്തിൽ ഞായറാഴ്ചതന്നെ ശുചീകരണവും അറ്റകുറ്റപ്പണികളും ആരംഭിച്ചു. വാഹനഗതാഗതത്തിനു നിരത്തുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ തുടങ്ങി.
ഹമാസ് വീണ്ടും ഗാസയിൽ ശക്തിപ്പെടുന്നത് വെടിനിർത്തലിനു പ്രതിബന്ധമാകുമെന്നും വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നാണ് ഇസ്രയേൽ നിലപാട്. യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാവില്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ യാഥാർഥ്യമായെങ്കിലും യുദ്ധം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നു പ്രധാനമന്ത്രി നെതന്യാഹുവും പറഞ്ഞിട്ടുണ്ട്.
വെടിനിർത്തലിന്റെ ആറാഴ്ച നീളുന്ന ഒന്നാം ഘട്ടമാണ് ഞായറാഴ്ച ആരംഭിച്ചത്. ഇത് താത്കാലിക വെടിനിർത്തലാണ്. സ്ഥിരം വെടിനിർത്തൽ ലക്ഷ്യമിടുന്നത് രണ്ടാം ഘട്ടത്തിലാണ്. ഒന്നാം ഘട്ടം 16 ദിവസം പൂർത്തിയാക്കിയാലേ രണ്ടാം ഘട്ടത്തിനായി ചർച്ച ആരംഭിക്കൂ.