ഗാസ വെടിനിർത്തൽ കരാറിന് ഇസ്രേലി മന്ത്രിസഭയുടെ അംഗീകാരം; ബന്ദി മോചനം നാളെ മുതൽ
Saturday, January 18, 2025 2:06 AM IST
ജറുസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ യാഥാർഥ്യമാകുന്നു. ഇസ്രയേലിന്റെ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി വെടിനിർത്തലിന് അംഗീകാരം നല്കി. സന്പൂർണ മന്ത്രിസഭയുടെ അംഗീകാരംകൂടി ലഭിച്ചാൽ 15 മാസം നീണ്ട യുദ്ധത്തിനു വിരാമമാകുന്നതിനൊപ്പം ബന്ദിമോചനവും സാധ്യമാകും.
സന്പൂർണ മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ നാളെ ബന്ദിമോചനം തുടങ്ങുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സർക്കാരിലെ തീവ്ര വലതുപക്ഷക്കാർ വെടിനിർത്തലിന് എതിരായി വോട്ട് ചെയ്തു.
ആഭ്യന്തരമന്ത്രി ബെൻ ഗവീർ, ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് എന്നിവരാണു വെടിനിർത്തലിനെ എതിർത്ത് സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ വോട്ട് ചെയ്തത്. ഇവരുടെ പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലാകും.
ഇസ്രയേൽ-ഹമാസ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറും അമേരിക്കയും ബുധനാഴ്ച വെടിനിർത്തലുണ്ടാകുമെന്നു പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ധാരണകൾ പാലിക്കുന്നതിൽ ഹമാസ് വീഴ്ച വരുത്തുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചിരുന്നു.
കരാർ അംഗീകരിക്കാൻ നിശ്ചയിച്ചിരുന്ന കാബിനറ്റ് യോഗം ഒഴിവാക്കിയതായി വ്യാഴാഴ്ച നെതന്യാഹു അറിയിക്കുകയും ചെയ്തു. അതേസമയം, വെടിനിർത്തൽ ധാരണ പാലിക്കാൻ തയാറാണെന്ന് ഹമാസ് അറിയിച്ചു.
വിട്ടയയ്ക്കുന്ന ബന്ദികളുടെ പേരുകൾ ഇന്നു വൈകുന്നേരം ഹമാസ് അറിയിക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ പ്രാബല്യത്തിലാകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗാസ നിവാസികളും ബന്ദികളുടെ ബന്ധുക്കളും. വെടിനിർത്തലുണ്ടാകുമെന്ന് ബുധനാഴ്ച ഖത്തറും യുഎസും പ്രഖ്യാപനം നടത്തിയശേഷവും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 116 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മാത്രം 72 പേരാണു കൊല്ലപ്പെട്ടത്.
കരാറിന് മൂന്നു ഘട്ടങ്ങളാണുള്ളത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. സ്ത്രീകൾ, കുട്ടികൾ, അന്പതിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ 33 പേരെയാണു വിട്ടയയ്ക്കുക. പകരം ഇസ്രേലി ജയിലുകളിലുള്ള നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കും. ജനവാസ കേന്ദ്രങ്ങളിൽനിന്ന് ഇസ്രേലി സേന ഘട്ടംഘട്ടമായി പിന്മാറും.
ദിവസം 600 ലോറി സഹായവസ്തുക്കൾ ഗാസയിലേക്കു കടത്തിവിടും. ഗാസ നിവാസികൾക്ക് സ്വന്തം വീടുകളിലേക്കു മടങ്ങാം. പരിക്കേറ്റവരെ മറ്റു രാജ്യങ്ങളിൽ ചികിത്സയ്ക്കു കൊണ്ടുപോകാൻ അനുവദിക്കും.
രണ്ടാം ഘട്ടത്തിൽ വെടിനിർത്തൽ സ്ഥിരമാകും. ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവൻ ബന്ദികളും മോചിതരാകും. ഇസ്രേലി സേന ഗാസയിൽനിന്നു പൂർണമായി പിന്മാറും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ ഭരണത്തിനായി പ്രത്യേക സമിതി നിലവിൽ വരും. അന്താരാഷ്ട്ര സഹായത്തോടെ ഗാസയുടെ പുനരുദ്ധാരണം നടപ്പാക്കും.