നവൽനിയുടെ അഭിഭാഷകർക്ക് ജയിൽശിക്ഷ വിധിച്ച് റഷ്യ
Saturday, January 18, 2025 1:02 AM IST
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൂന്ന് അഭിഭാഷകർക്കു തീവ്രവാദക്കേസിൽ ജയിൽശിക്ഷ.
ഇഗോർ സെർഗുനിൻ, അലക്സി ലിപ്റ്റ്സർ, വാദിം കൊബ്സേവ് എന്നിവർക്കു മൂന്നര മുതൽ അഞ്ചര വരെ വർഷം തടവാണു ലഭിച്ചത്. മൂവരെയും റഷ്യൻ സർക്കാർ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രസിഡന്റ് പുടിന്റെ നിശിതവിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈബീരിയയിലെ ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുകയായിരുന്നു. നവൽനി ജയിൽവാസക്കാലത്ത് അഭിഭാഷകരുടെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
ജയിലിൽ കഴിയുന്ന തീവ്രവാദസംഘടനാ നേതാവിനെ സഹായിച്ചു എന്നതിന്റെ പേരിലാണ് റഷ്യൻ അധികൃതർ അഭിഭാഷകരെ അറസ്റ്റ് ചെയ്തത്.
അഭിഭാഷകർ രാഷ്ട്രീയത്തടവുകാരാണെന്നും മോചിപ്പിക്കണമെന്നും നവൽനിയുടെ വിധവ യൂലിയ ആവശ്യപ്പെട്ടു.