ഉൾഫ നേതാവ് പരേഷ് ബറുവയുടെ ശിക്ഷ 14 വർഷമായി കുറച്ച് ബംഗ്ലാദേശ് ഹൈക്കോടതി
Thursday, January 16, 2025 12:40 AM IST
ധാക്ക: ആയുധക്കടത്ത് കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഉൾഫ നേതാവ് പരേഷ് ബറുവയുടെ ശിക്ഷ 14 വർഷമായി ബംഗ്ലാദേശ് ഹൈക്കോടതി കുറച്ചു. കഴിഞ്ഞമാസമാണ് ബറുവയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത്. നാലു ബംഗ്ലാദേശികളുടെയും ജീവപര്യന്തം തടവ് 14 വർഷമായി കുറച്ചു.
ചൈനയിൽ ഒളിവിൽ കഴിയുന്ന ബറുവയെ 2014ലാണ് വധശിക്ഷയ്ക്കു വിധിച്ചത്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) തേടുന്ന കൊടും കുറ്റവാളിയാണ് ബറുവ. 2004ൽ ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽനിന്ന് ആസാമിലേക്കാണ് ട്രക്കുകളിൽ ആയുധം കടത്താൻ ബറുവ ഉൾപ്പെട്ട സംഘം ശ്രമിച്ചത്.
ഉൾഫയുടെ മിലിട്ടറി കമാൻഡറാണ് ഇയാൾ. മുൻ ബംഗ്ലാദേശ് മന്ത്രി ലുത്ഫുസമ്മാൻ ബാബറെയും മറ്റ് അഞ്ചു പേരെയും ചൊവ്വാഴ്ച ഹൈക്കോടതി വെറുതേ വിട്ടിരുന്നു. ഇവർ ഇതേ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 27,000 ഗ്രനേഡുകൾ, 150 റോക്കറ്റ് ലോഞ്ചറുകൾ, 1,100 സബ് മെഷീൻ ഗണ്ണുകൾ, 1.14 കോടി വെടിയുണ്ടകൾ എന്നിവയാണ് ആസാമിലേക്ക് കടത്താൻ ഉൾഫ ശ്രമിച്ചത്.