യുക്രെയ്നിൽ റഷ്യൻ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
Friday, January 10, 2025 12:22 AM IST
കീവ്: യുക്രെയ്നിലെ സാപ്പോറിഷ്യ നഗരത്തിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 113 പേർക്കാണു പരിക്കേറ്റത്. ഇതിൽ 60 പേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാവിലെ നഗരത്തിലെ വ്യവസായകേന്ദ്രത്തിനും ജനവാസകേന്ദ്രങ്ങളിലും ബോംബ് പതിക്കുകയായിരുന്നു. അത്യുഗ്ര സ്ഫോടനത്തിൽ മൃതദേഹങ്ങളും പരിക്കേറ്റവരും നിരത്തുകളിൽ ചിതറിക്കിടന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനു പിന്നാലെ സാപ്പോറിഷ്യക്കടുത്ത ഒരു പട്ടണത്തിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർകൂടി കൊല്ലപ്പെട്ടു.
ഇതിനിടെ റഷ്യയിലെ വോൾഗ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ധന സംഭരണകേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തം അണയ്ക്കാൻ ഇന്നലെയും കഴിഞ്ഞില്ല.