ലോസ് ആഞ്ചലസ് കാട്ടുതീയിൽ പത്തു മരണം
Saturday, January 11, 2025 12:56 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ പടരുന്ന കാട്ടുതീയിൽ മരണം പത്തായി ഉയർന്നു. വീടുകളടക്കം 10,000 കെടിടങ്ങൾ തകർന്നതായി അനുമാനിക്കുന്നു.
ഹോളിവുഡ് സിനിമാതാരങ്ങളുടെ വസതികളും ചാന്പലായി. 1.8 ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. തീ പടർന്നേക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ രണ്ടു ലക്ഷം പേർക്കു ജാഗ്രതാ നിർദേശം നല്കി.
വ്യാഴാഴ്ച വരെ അഞ്ചു കാട്ടുതീയാണ് ലോസ് ആഞ്ചലസ് കൗണ്ടിയുടെ പല ഭാഗങ്ങളിലായി പടരുന്നത്. ലോസ് ആഞ്ചലസ് നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തു പടരുന്ന പലിസേഡ് ഫയർ എന്നു പേരിട്ടിരിക്കുന്ന കാട്ടുതീയും കിഴക്കുവശത്തുള്ള ഈറ്റൺ ഫയർ എന്ന കാട്ടുതീയുമാണു കൂടുതൽ നാശം വിതയ്ക്കുന്നത്. ഇരു കാട്ടുതീകളിലുമായി 34,000 ഏക്കർ ഭൂമി ചാന്പലായി.
പലിസേഡ് കാട്ടുതീയുടെ ആറു ശതമാനം മാത്രമാണ് അണയ്ക്കാൻ കഴിഞ്ഞത്. ഈറ്റൺ കാട്ടുതീ അല്പം പോലും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. വരണ്ട കാലാവസ്ഥയും വേഗമേറിയ കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നു.
തീണയ്ക്കാൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും അടക്കം ഉപയോഗിക്കുന്നുണ്ട്. കാനഡയിൽനിന്നു വാടകയ്ക്കെടുത്ത വലിയ വിമാനം ഡ്രോണിൽ കൂട്ടിയിടിച്ചു തകരാറിലായി.
കാട്ടുതീ മൂലമുള്ള നഷ്ടം 15,500 കോടി ഡോളറിനടുത്തേക്ക് ഉയർന്നതായി അനുമാനിക്കുന്നു. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസ് കൗണ്ടിയിൽ വസിക്കുന്ന 96 ലക്ഷം പേർക്ക് അബദ്ധത്തിൽ മുന്നറിയിപ്പു സന്ദേശം ലഭിച്ചത് വലിയ വിമർശനത്തിനിടയാക്കി.
കെന്നത്ത് ഫയർ എന്ന കാട്ടുതീ പടരുന്ന മേഖലയിലുള്ളവരെ ഉദ്ദേശിച്ച് കൗണ്ടി അധികൃതർ പുറപ്പെടുവിച്ച മുന്നറിയിപ്പ് കൗണ്ടിയിലെ എല്ലാവർക്കും ലഭിക്കുകയായിരുന്നു. തെറ്റ് വേഗംതന്നെ തിരുത്തി.
ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണർ ഗാവിൻ ന്യൂസം കാട്ടുതീ നേരിടുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവയ്ക്കണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു.
വീട് ചാന്പലായി: മെൽ ഗിബ്സൺ
വാഷിംഗ്ടൺ ഡിസി: ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ തന്റെ ഭവനം ചാന്പലായെന്ന് ഓസ്കർ ജേതാവായ ഹോളിവുഡ് നടൻ മെൽ ഗിബ്സൺ അറിയിച്ചു. മാലിബുവിൽ 15 വർഷമായി താമസിക്കുന്ന വീടാണ് ഇല്ലാതായത്.
ഈ സമയം മറ്റൊരു പരിപാടിക്കായി ടെക്സസിൽ ആയിരുന്നുവെന്നു ഗിബ്സൻ പറഞ്ഞു. അധികൃതരുടെ നിർദേശപ്രകാരം കുടുംബം നേരത്തേ വീട്ടിൽനിന്ന് ഒഴിഞ്ഞുപോയിരുന്നു.
കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം കാട്ടുതീ നേരിടുന്നതിനു മതിയായ നടപടികൾ എടുത്തില്ലെന്ന് ഗിബ്സൺ ആരോപിച്ചു.
ഹോളിവുഡ് താരങ്ങളും സെലിബ്രിറ്റികളുമായ ആന്റണി ഹോപ്കിൻസ്, ജോൺ ഗുഡ്മാൻ, അന്നാ ഫാരിസ്, പാരീസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ തുടങ്ങിയവരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു.