ജോസഫ് ഔൺ ലബനീസ് പ്രസിഡന്റ്
Friday, January 10, 2025 12:22 AM IST
ബെയ്റൂട്ട്: ലബനനിൽ സായുധേസനാ മേധാവി ജോസഫ് ഔൺ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹിസ്ബുള്ള-ഇസ്രയേൽ വെടിനിർത്തലുണ്ടായി ആഴ്കൾക്കകമാണ് പുതിയ പ്രസിഡന്റിനെ പാർലമെന്റ് തെരഞ്ഞെടുത്തത്.
മുൻ പ്രസിഡന്റ് മൈക്കിൾ ഔണിന്റെ കാലാവധി 2022 ഒക്ടോബറിൽ അവസാനിച്ചതാണ്. ലബനീസ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഹിസ്ബുള്ളയുടെ നിലപാടുകൾ മൂലമാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ വൈകിയത്.
സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അസാദുമായി ബന്ധമുള്ള ചെറു ക്രിസ്ത്യൻ പാർട്ടിയുടെ നേതാവ് സുലൈമാൻ ഫ്രാഗിയേയാണ് പ്രസിഡന്റ് പദവിയിലേക്കു ഹിസ്ബുള്ള പിന്തുണച്ചിരുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ള ദുർബലമായ പശ്ചാത്തലത്തിൽ ഫ്രാഗിയേ കഴിഞ്ഞ ദിവസം മത്സരത്തിൽനിന്നു പിന്മാറി.
പാർലമെന്റിൽ രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ജോസഫ് ഔണിന് ജയിക്കാൻ വേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചത്.
ലബനനിലെ രാഷ്ട്രീയധാരണ അനുസരിച്ച് പ്രസിഡന്റ് പദവി മാറോനീത്ത ക്രൈസ്തവ സമുദായത്തിനും പ്രധാനമന്ത്രിപദവി സുന്നി മുസ്ലിംകൾക്കും സ്പീക്കർ സ്ഥാനം ഷിയാകൾക്കുമായി വീതംവച്ചിരിക്കുകയാണ്.
ഇസ്രേലി ആക്രമണത്തിൽ തകർന്ന ലബനന്റെ പുനരുദ്ധാരണത്തിനായി ലബനീസ് സർക്കാർ ഉറ്റുനോക്കുന്ന അമേരിക്കയുടെയും സൗദിയുടെയും പിന്തുണ പുതിയ പ്രസിഡന്റ് ജോസഫ് ഔണിനുണ്ട്. മുൻ പ്രസിഡന്റ് മൈക്കിൾ ഔണുമായി ഇദ്ദേഹത്തിനു ബന്ധമില്ല.