ഗാസയിൽ കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Saturday, January 11, 2025 12:56 AM IST
ടെൽ അവീവ്: ഈയാഴ്ച ആദ്യം ഗാസയിൽ കണ്ടെത്തിയ മൃതദേഹം ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഹംസ അൽസയാദ്നി എന്ന ഇരുപത്തിമൂന്നുകാരന്റേതാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.
തെക്കൻ ഗാസയിലെ റാഫ നഗരത്തിനടുത്തുള്ള തുരങ്കത്തിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഹംസയുടെ പിതാവ് യൂസഫ് അൽസയാദ്നിയുടെ മൃതദേഹവും ഇതൊടൊപ്പം കണ്ടെത്തിയിരുന്നു. പിതാവിന്റെ മൃതദേഹം നേരത്തേതന്നെ തിരിച്ചറിയാൻ കഴിഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് ഭീകരർ അറബ് ബെദൂയിൻ വിഭാഗത്തിൽപ്പെട്ട അച്ഛനെയും മകനെയും ഒരുമിച്ചു തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു മൃതദേഹങ്ങൾക്കും വളരെയധികം പഴക്കമുണ്ട്. എങ്ങനെയാണു മരിച്ചതെന്നതിൽ വ്യക്തതയില്ല.
ഇതിനിടെ, ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്നുണ്ട്. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20നു മുന്പായി ബന്ദിമോചനത്തിനു കരാറുണ്ടാക്കാനാണു ശ്രമം.
ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ച് ഗാസയിൽനിന്നു പിന്മാറിയാലേ ബന്ദികളെ മോചിപ്പിക്കൂ എന്ന ഹമാസിന്റെ കടുംപിടിത്തമാണു കരാർ യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസം. ബന്ദികളെ മോചിപ്പിക്കുന്നതിനു പുറമേ ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.