ഐസിസിക്ക് ഉപരോധം ചുമത്താൻ യുഎസ് കോൺഗ്രസ്
Saturday, January 11, 2025 12:56 AM IST
വാഷിംഗ്ടൺ ഡിസി: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ (ഐസിസി) ഉപരോധം ചുമത്തുന്ന ബിൽ അമേരിക്കയിലെ ജനപ്രതിനിധി സഭ പാസാക്കി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണിത്.
അമേരിക്കയിലെയോ മിത്രരാജ്യങ്ങളിലെയോ പൗരന്മാർക്കെതിരേ നിയമവിരുദ്ധ അന്വേഷണം, അറസ്റ്റ് എന്നിവയ്ക്കു മുതിരുന്ന ഐസിസി ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെടുന്ന നിയമമാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.
ജനപ്രതിനിധിസഭയിൽ 140നെതിരേ 230 വോട്ടുകൾക്കാണു ബിൽ പാസായത്. ബിൽ ഇനി സെനറ്റ് പരിഗണിക്കും. മുന്പ് ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുണ്ടായിരുന്ന സമയത്ത് ബിൽ സെനറ്റിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസായേക്കും.
ഗാസ യുദ്ധത്തിന്റെ പേരിൽ നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കും എതിരേ നവംബറിലാണ് ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.