ടിബറ്റ് ഭൂകന്പം: തെരച്ചിൽ നിർത്തി
Friday, January 10, 2025 12:22 AM IST
ലാസ: ടിബറ്റ് ഭൂകന്പത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. മൈനസ് 18 ഡിഗ്രി സെൽഷസ് താപനിലയുള്ള പ്രദേശത്ത് ദുരന്തമുണ്ടായി 48 മണിക്കൂർ പിന്നിടുന്പോൾ ആരും അതിജീവിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണിത്.
ഹിമാലയൻ താഴ്വരയിലെ ഷിഗാറ്റ്സെ പ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ ഭൂകന്പത്തിൽ 126 പേർ മരിക്കുകയും 188 പേർക്കു പരിക്കേൽക്കുകയും ചെയ്തു എന്ന പ്രാഥമിക കണക്ക് ചൈനീസ് അധികൃതർ ഇന്നലെയും തിരുത്തിയിട്ടില്ല.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ ഡിൻഗ്രിയിൽ 60,000 പേർ വസിച്ചിരുന്നു. പ്രഭവകേന്ദ്രത്തിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള 27 ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണു രക്ഷാപ്രവർത്തനം നടത്തിയത്. ഈ ഗ്രാമങ്ങളിൽ മാത്രം 7,000 പേർ വസിച്ചിരുന്നു.
ഇനി എത്രപേരെ കണ്ടെത്താനുണ്ടെന്ന കാര്യം ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ബുധനാഴ്ച അവശിഷ്ടങ്ങൾക്കടിയിൽനിന്ന് 407 പേരെ രക്ഷപ്പെടുത്തിയെന്ന് അറിയിച്ചിരുന്നു.