പോയ വർഷം വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ
Wednesday, January 1, 2025 2:19 AM IST
വത്തിക്കാൻ സിറ്റി: പോയ വർഷം ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത് 13 പേർ.
വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫീദെസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളിലായി എട്ട് വൈദികർക്കും അഞ്ച് അല്മായർക്കും വിശ്വാസത്തെപ്രതി ജീവൻ നഷ്ടമായി. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി അഞ്ചു വൈദികരും യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടു വൈദികരും കൊല്ലപ്പെട്ടു.
2024ൽ രക്തസാക്ഷികളായി ക്രൈസ്തവവിശ്വാസ മാതൃക നൽകിയവരിൽ കൂടുതലും മധ്യവയസ്കരും യുവജനങ്ങളുമാണ്. 2023ൽ 20 പേരായിരുന്നു ക്രൈസ്തവവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത്.
കഴിഞ്ഞ 24 വർഷങ്ങൾക്കുള്ളിൽ ലോകത്തിലാകെ 608 മിഷനറിമാരും അല്മായ വിശ്വാസികളുമാണ് വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്തത്.
ആഫ്രിക്കയിലെ, ബുർക്കിനോ ഫാസോ, കാമറൂൺ, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. അതുപോലെ ലാറ്റിനമേരിക്കയിൽ കൊളംബിയ, ഇക്വഡോർ, ഹോണ്ടുറാസ്, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലും മിഷനറിമാർക്ക് തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജീവൻ ദാനമായി നൽകേണ്ടി വന്നു.