ന്യൂ ഓർലിയൻസ് ഭീകരാക്രമണം; പ്രതി മുൻ അമേരിക്കൻ സൈനികൻ
Friday, January 3, 2025 12:37 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരത്തിൽ പുതുവത്സരാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്കു പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി ഭീകരാക്രമണം നടത്തിയത് ടെക്സസ് സ്വദേശിയായ അമേരിക്കൻ പൗരനും മുൻ സൈനികനുമായ ഷംസുദ്ദീൻ ജബ്ബാർ (42) ആണെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച വാഹനത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ പതാക കണ്ടെത്തി.
ആക്രമണത്തിൽ മരണം 15 ആയി ഉയർന്നു. 35 പേർക്കാണു പരിക്കേറ്റത്. ഷംസുദ്ദീൻ ഒറ്റയ്ക്കല്ല ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് അനുമാനിക്കുന്നു. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിലാരംഭിച്ചു.
പ്രാദേശികസമയം ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് ആക്രമണമുണ്ടായത്. വാടകയ്ക്കെടുത്ത, ഫോർഡ് കന്പനിയുടെ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ജനക്കൂട്ടത്തിലേക്ക് അതിവേഗത്തിൽ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങി പോലീസിനു നേർക്കു വെടിയുതിർത്തു. പോലീസിന്റെ പ്രത്യാക്രമണത്തിൽ ഷംസുദ്ദീൻ വെടിയേറ്റു മരിച്ചു. വാഹനത്തിൽനിന്നു സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആക്രമണത്തെ അപലപിച്ചു. ഐഎസിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുവെന്നു വ്യക്തമാക്കുന്ന വീഡിയോകൾ ആക്രമണത്തിനു മണിക്കൂറുകൾക്കു മുന്പ് പ്രതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി എഫ്ബിഐ കണ്ടെത്തിയെന്നു ബൈഡൻ അറിയിച്ചു.
ഐഎസിൽ ചേരാനും വിവാഹമോചനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തെ വകവരുത്താനും ആഗ്രഹിക്കുന്നുവെന്നു പ്രതി വെളിപ്പെടുത്തുന്ന വീഡിയോകൾ എഫ്ബിഐ കണ്ടെത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിൽനിന്ന് 130 കിലോമീറ്റർ അകലെ ബ്യൂമോണ്ടിലാണ് ഷംസുദ്ദീൻ ജനിച്ചു വളർന്നത്. 2007 മുതൽ 2015 വരെ സ്ഥിരം സേനയിലും തുടർന്ന് 2020 വരെ റിസർവ് സേനയിലും അംഗമായിരുന്നു. സേനയിലെ ഐടി, മനുഷ്യവിഭവശേഷി വകുപ്പുകളിലാണു പ്രവർത്തിച്ചിരുന്നത്.
2009 മുതൽ 2010 വരെ അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വട്ടം വിവാഹമോചിതനായി. സൈന്യത്തിൽനിന്നു പിരിഞ്ഞശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്നു. മോഷണം, ട്രാഫിക് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.
ന്യൂയോർക്കിൽ വെടിവയ്പ്
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ പുതുവത്സരദിനത്തിലുണ്ടായ വെടിവയ്പിൽ 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ക്വീൻസിലെ ക്ലബ്ബിലായിരുന്നു സംഭവം.
തോക്കേന്തിയ മൂന്നുനാലു പുരുഷന്മാർ ക്ലബ്ബിനു പുറത്തെ ജനക്കൂട്ടത്തിനു നേർക്കു വെടിയുതിർക്കുകയായിരുന്നു. ന്യൂ ഓർലിയൻസ് ഭീകരാക്രമണത്തിനു മണിക്കൂറുകൾക്കകമായിരുന്നു ഈ സംഭവവും. എന്നാൽ, ഇതിനു ഭീകരബന്ധമില്ലെന്നു പോലീസ് അറിയിച്ചു.