യൂറോപ്പിലേക്കുള്ള റഷ്യൻ വാതകവിതരണം അവസാനിച്ചു
Thursday, January 2, 2025 12:00 AM IST
മോസ്കോ: യുക്രെയ്ൻ വഴി യൂറോപ്പിലേക്കുള്ള റഷ്യൻ പ്രകൃതിവാതക ഒഴുക്ക് പുതുവത്സരദിനത്തിൽ അവസാനിച്ചു. കരാർ പുതുക്കാൻ യുക്രെയ്ൻ വിസമ്മതിക്കുകയായിരുന്നു. മുൻകരുതലുകൾ എടുത്തിട്ടുള്ളതിനാൽ യൂറോപ്പിൽ പ്രതിസന്ധി ഉണ്ടാവില്ലെന്നു യൂറോപ്യൻ കമ്മീഷൻ അറിയിച്ചു.
യുക്രെയ്നിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ തുച്ഛമായ വിലയ്ക്കാണ് റഷ്യ യൂറോപ്യൻ രാജ്യങ്ങൾക്കു പ്രകൃതിവാതകം നല്കിയിരുന്നത്. റഷ്യ യുക്രെയ്നിൽ യുദ്ധം തുടങ്ങിയപ്പോഴും ഇതിനു തടസം നേരിട്ടില്ല.
വാതകവിതരണത്തിനു റഷ്യൻ സർക്കാർ കന്പനിയായ ഗാസ്പ്രോമും യുക്രെയ്നും തമ്മിലുള്ള കരാർ ഡിസംബർ 31ന് അവസാനിച്ചു. ഇത് ഇനി പുതുക്കില്ലെന്നു യുക്രെയ്ൻ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. വാതകവിതരണം നിർത്തിയതായി ഗാസ്പ്രോം ഇന്നലെ അറിയിച്ചു.
ഇതു മൂലം റഷ്യക്ക് വർഷം 500 കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. യുക്രെയ്നു കടത്തുകൂലിയായി ലഭിച്ചിരുന്ന 80 കോടി ഡോളറും ഇല്ലാതാകും. റഷ്യ കടുത്ത സാന്പത്തികനഷ്ടം നേരിടുമെന്ന് യുക്രെയ്ൻ ഊർജ മന്ത്രാലയം ഇന്നലെ പ്രതികരിച്ചു.
യുദ്ധം തുടങ്ങുംമുന്പ് യൂറോപ്യൻ രാജ്യങ്ങളുടെ ഊർജാവശ്യങ്ങളിൽ 40 ശതമാനവും നികത്തിയിരുന്നതു റഷ്യയാണ്. യുദ്ധം തുടങ്ങിയശേഷം യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ആശ്രിതത്വം കുറച്ചു. ഇപ്പോൾ ഖത്തർ, നോർവേ, അമേരിക്ക എന്നിവിടങ്ങളിൽനിന്നാണു യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തുന്നത്.
അതേസമയം ഹംഗറി, സ്ലൊവാക്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ റഷ്യയെ വലിയ തോതിൽ ആശ്രയിക്കുന്നവരാണ്. കരിങ്കടൽ വഴിയുള്ള പൈപ്പുകളിലൂടെ ഹംഗറിക്കു റഷ്യ വാതകം നല്കുന്നത് തുടരും. സ്ലൊവാക്യയും ഓസ്ട്രിയയും മറ്റു മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയിച്ചത്. അതേസമയംതന്നെ സ്ലൊവാക്യ യുക്രെയ്നു വൈദ്യുതി നല്കില്ലെന്നു ഭീഷണി മുഴക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത മോൾഡോവയിലേക്കും റഷ്യൻ വാതകം എത്തിയിരുന്നത് യുക്രെയ്നിലൂടെയാണ്. മോൾഡോവയിലെ റഷ്യാ അനുകൂല വിമതപ്രദേശമായ ട്രാൻസ്നിസ്ട്രിയയിൽ ചൂടുവെള്ള വിതരണം അടക്കമുള്ള കാര്യങ്ങൾക്ക് ഇന്നലെ നിയന്ത്രണം നിലവിൽവന്നു.
യുക്രെയ്നിലൂടെയല്ലാതെയും റഷ്യക്കു പൈപ്പുകളുണ്ട്. ബാൾട്ടിക് കടലിലൂടെ ജർമനിയിലേക്കു പോകുന്ന നോർഡ് സ്ട്രീം പൈപ്പ് 2022ൽ സ്ഫോടനത്തിൽ തകർന്നിരുന്നു.
മിത്രരാജ്യമായ ബെലാറൂസിലൂടെ യൂറോപ്പിലേക്കുള്ള റഷ്യൻ പൈപ്പ്ലൈൻ പൂട്ടുകയുമുണ്ടായി.