അഗ്നിശമനസേനാ ട്രക്കിൽ ട്രെയിൻ ഇടിച്ചുകയറി
Monday, December 30, 2024 1:10 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിൽ അഗ്നിശമന സേനയുടെ ട്രക്കിൽ ട്രെയിൻ ഇടിച്ച് മൂന്നു അഗ്നിശമന സേനാംഗങ്ങൾക്കും 12 യാത്രക്കാർക്കും പരിക്കേറ്റു. ബ്രൈറ്റ്ലൈൻ ട്രെയിൻ ആണ് ഇടിച്ചത്.
യുഎസിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു ഇന്റർസിറ്റി പാസഞ്ചർ റെയിൽപാതയാണ് ബ്രൈറ്റ് ലൈൻ. ഇന്നലെ രാവിലെ 10.45ന് ഫ്ളോറിഡയിലെ ഡെൽറേ ബീച്ചിലായിരുന്നു അപകടം.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആഘാതത്തിൽ ഹൈസ്പീഡ് ട്രെയിനിന്റെ മുൻഭാഗം തകർന്നു. ട്രക്ക് രണ്ടായി പിളരുകയും ചെയ്തു.
അഗ്നിശമന സേനയുടെ ട്രക്ക് റെയിൽവേ ക്രോസിൽ നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളെ അവഗണിച്ചുകൊണ്ടു പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടകാരണം.