ചരിത്രത്തിൽനിന്നു മുജീബുർ റഹ്മാനെ വെട്ടി ബംഗ്ലാദേശ്
Friday, January 3, 2025 2:32 AM IST
ധാക്ക: ചരിത്രപാഠപുസ്തകത്തിൽനിന്നു രാഷ്ട്രപിതാവ് മുജീബുർ റഹ്മാനെ വെട്ടി ബംഗ്ലാദേശ്. പുതുതായി പുറത്തിറക്കിയ പാഠപുസ്തകങ്ങളിൽ, 1971ൽ സിയാവുർ റഹ്മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നു പറയുന്നു.
പ്രൈമറി, സെക്കൻഡറി പാഠപുസ്തകങ്ങളിലാണു ബംഗ്ലാദേശ് വെട്ടിത്തിരുത്തലുകൾ വരുത്തിയിരിക്കുന്നത്. പുതിയ പുസ്തകങ്ങളിൽ രാഷ്ട്രപിതാവ് എന്ന പദവിയിൽനിന്നും മുജീബുർ റഹ്മാനെ നീക്കി.
1971 മാർച്ച് 26ന് സിയാവുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, മാർച്ച് 27ന് ബംഗബന്ധുവിനു വേണ്ടി അദ്ദേഹം മറ്റൊരു പ്രഖ്യാപനവും നടത്തി- ദേശീയ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രഫ. എ.കെ.എം. റിയാസുൽ ഹസൻ പറഞ്ഞു.
പ്രഖ്യാപനത്തിന്റെ പൂർണവിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിയാസുൽ ഹസൻ വ്യക്തമാക്കി. പാകിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്ത സമയത്ത് മുജീബുർ റഹ്മാൻ വയർലെസ് സന്ദേശത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് വസ്തുതാപരമല്ലെന്നും അതുകൊണ്ടാണ് പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയതെന്നും പാഠപുസ്തക സമിതി പറയുന്നു.