ജിമ്മി കാർട്ടറുടെ സംസ്കാരം ഒന്പതിന്
Thursday, January 2, 2025 12:00 AM IST
വാഷിംഗ്ടൺ ഡിസി: അന്തരിച്ച മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഒന്പതിനു നടക്കും.
സ്വദേശമായ ജോർജിയ സംസ്ഥാനത്തെ പ്ലെയിൻസ് നഗരത്തിൽ പത്നി റോസലിൻ കാർട്ടറിന്റെ കുഴിമാടത്തിനടുത്തായിരിക്കും അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുക.
പ്ലെയിൻസിലും അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയും ചടങ്ങുകളുണ്ടാകും. മൃതദേഹം രണ്ടു ദിവസം യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും.
ഒന്പതിനു വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതലായവർ പങ്കെടുക്കും.
1977 മുതൽ 1981 വരെ പ്രസിഡന്റായിരുന്ന കാർട്ടർ ഞായറാഴ്ച നൂറാം വയസിലാണ് അന്തരിച്ചത്.