ക്രൊയേഷ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മിലാനോവിച്ച് മുന്നിൽ
Monday, December 30, 2024 11:11 PM IST
സേഗ്രെബ്: ക്രൊയേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സോറൻ മിലാനോവിച്ച് മുന്നിലെത്തിയെങ്കിലും ജയിക്കാനാവശ്യമായ അന്പതു ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചില്ല.
പ്രതിപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മിലാനോവിച്ച് 49.1 ശതമാനം വോട്ടുകൾ നേടി. ഭരണകക്ഷിയായ ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ സ്ഥാനാർഥി ഡ്രാഗൺ പ്രിമോറാച്ച് 19.35 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജനുവരി 12നു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഇരുവരും ഏറ്റുമുട്ടും.
യുക്രെയ്നെ സഹായിക്കുന്നതിന്റെ പേരിൽ യൂറോപ്യൻ യൂണിയനെയും നാറ്റോയെയും വിമർശിക്കുന്ന മിലാനോവിച്ചിന്റെ കാലാവധി ഫെബ്രുവരി 18നാണ് അവസാനിക്കുന്നത്. ക്രൊയേഷ്യയിൽ പ്രസിഡന്റ് പദവി ആലങ്കാരികം മാത്രമാണ്.